കേരള ടൈഗേഴ്സ് ഫുട്ബാൾ ടീം
തിരുവനന്തപുരം: വേട്ടയാടാനിറങ്ങിയാൽ ഇരകൾക്ക് മുന്നിൽ കടുവകൾ ഗർജിക്കാറില്ല. പക്ഷേ ഇര മുന്നിൽപ്പെട്ടാൽ കരുത്ത് കാട്ടാതെ തിരിച്ച് മടങ്ങിയ ചരിത്രവുമില്ല. അനന്തപുരിയിൽ കാൽപന്തിന്റെ രാജാക്കന്മാർ ആരെന്നറിയാനുള്ള എലൈറ്റ് ഡിവിഷൻ പോരാട്ടത്തിന് പന്തുരുളാൻ നാലുനാൾ മാത്രം ശേഷിക്കെ എതിരാളികൾ ഭയക്കണം, നെയ്യാറിന്റെ ആഴങ്ങൾ നീന്തിക്കയറിയെത്തുന്ന കേരള ടൈഗേഴ്സിനെ.
മുഹമ്മദൻ സ്പോർട്ടിങ് ക്ലബിന്റ മുൻ ഗോളിയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാനേജരും ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറിയുമായ കെ.എം. റഫീക്കിന്റെ ഉടമസ്ഥതയിൽ 2013ലാണ് നെയ്യാർ എഫ്.സി എന്ന ഇപ്പോഴത്തെ കേരള ടൈഗേഴ്സ് ജില്ല ഫുട്ബാൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്യുന്നത്. 2014ൽ 'എഫ്' ഡിവിഷനിൽ അരങ്ങേറിയ ടീം തുടർന്ന് എതിരാളികൾക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികൾ.
നെയ്യാറിന്റെ പിള്ളേരുടെ കാലിന്റെ ചൂട് തലസ്ഥാനത്തെ ക്ലബുകളെല്ലാം അറിഞ്ഞു. ഇ, ഡി, സി ഡിവിഷനുകളിൽ കീരീടം നേടി 2018ൽ തന്നെ ടീം 'ബി' ഡിവിഷനിലെത്തി. കൊച്ചുവേളി സെന്റ് ജോർജ് ഫുട്ബാൾ ക്ലബുമായി തുല്യ പോയന്റായതോടെ ടോസിൽ രണ്ടാംസ്ഥാനത്തായി. തുടർന്ന് 2019ൽ ബി ഡിവിഷൻ എല്ലാ കളികളും ആധികാരികമായി ജയിച്ചു. 2020ൽ 'എ' ഡിവിഷൻ, 2024ൽ സൂപ്പർ ഡിവിഷൻ ചാമ്പ്യന്മാരായി.
'എഫ്' മുതൽ 'എ' ഡിവിഷൻ വരെ നടന്ന നാൽപതോളം മത്സരങ്ങളിൽ ഒരു ഗോളുപോലും വഴങ്ങാതെയുള്ള നെയ്യാറിന്റെ വിജയം റെക്കോഡാണ്. കഴിഞ്ഞവർഷം നടന്ന സൂപ്പർ ഡിവിഷനിലായിരുന്നു ആദ്യമായി നെയ്യാറിന്റെ പ്രതിരോധം എതിരാളികൾക്ക് പൊളിച്ചത്. മൂന്ന് ഗോളുകൾ അടിച്ചെങ്കിലും നെയ്യാറിന്റെ വിജയമുന്നേറ്റം തടയാൻ തലസ്ഥാനത്തെ പേരുകേട്ട ക്ലബുകൾക്ക് കഴിഞ്ഞില്ല. 2018ൽ ബി ഡിവിഷനിൽ കൊച്ചുവേളി സെന്റ് ജോർജിനോട് സമനിലയിൽ പിരിഞ്ഞതൊഴിച്ചാൽ നാളിതുവരെ പരാജയം രുചിച്ചിട്ടില്ല.
ഒരു പ്രഫഷനൽ ഫുട്ബാൾ ക്ലബാക്കി മാറ്റുകയെന്ന പരിശീലകനും ടീം മാനേജരുമായ കെ.എം. റഫീക്കിന്റെ സ്വപ്നമാണ് ഈ വർഷം മുതൽ നെയ്യാർ എഫ്.സിയെ പേരുമാറ്റി കേരള ടൈഗേഴ്സായി കളത്തിലിറക്കുന്നത്. റിസർവ് ബാങ്ക് ടീമിനെ എലൈറ്റ് ഡിവിഷൻ വരെ എത്തിച്ച റഫീക്കിന്റേത് തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ്. ഡിവിഷനിൽ നവാഗതരാണെങ്കിലും 'കടുവ'കളുടെ ആക്രമണസ്വഭാവത്തിൽ മാറ്റമുണ്ടാകില്ലെന്ന് റഫീക്ക് പറയുന്നു.
സന്തോഷ് ട്രോഫി താരവും ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയ കേരള ടീം അംഗവുമായ സെബാസ്റ്റ്യനാണ് നായകൻ. മധ്യനിരയിൽ സന്തോഷ് ട്രോഫി ക്യാമ്പ് അംഗം ജിജോ ജയ്സൺ തന്ത്രങ്ങൾ മെനയും. പ്രതിരോധകോട്ട കാക്കുന്നത് ഖോലോ ഇന്ത്യ താരവും കേരള യൂനിവേഴ്സിറ്റി ഫുട്ബാൾ ടീം അംഗവുമായ ഷെയ്നായിരിക്കും. ജൂൺ ഒമ്പതിന് എസ്.ബി.ഐ കേരളയുമായാണ് ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.