തിരുവനന്തപുരം: കനത്ത മഴയിൽ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട്. തമ്പാനൂർ, ചാല, വഞ്ചിയൂർ, ഗൗരീശപട്ടം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കടകളിലും വീടുകളിലും ഒഫിസുകളിലും വെള്ളം കയറി. മിന്നലിൽ പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണു.
നഗരത്തിൽ 49 മില്ലിമീറ്റർ മഴ പെയ്തെന്നാണ് കണക്കാക്കുന്നത്. കിഴക്കേകോട്ടയിൽ 72 മില്ലിമീറ്ററും വെള്ളായണിയിൽ 89 മില്ലിമീറ്ററും പ്ലാവൂരിൽ 124 മില്ലിമീറ്ററിലും മഴപെയ്തതായി രേഖപ്പെടുത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. മിക്ക ട്രെയിനുകളും താമസിച്ചാണ് ഓടിയത്.
നന്തൻകോട് ക്ലിഫ് ഹൗസ് പരിസരത്തും കവടിയാർ, വലിയവിള, കമലേശ്വരം, മുടവൻമുകൾ, തിരുമല മേഖലയിൽ വെള്ളക്കെട്ടുണ്ടായി. മെഡിക്കൽ കോളജ്-ചാലക്കുഴി റോഡ്, കൈമനം-തിരുവല്ലം എന്നിവിടങ്ങളിൽ റോഡരികിൽനിന്ന മരങ്ങൾ ഒടിഞ്ഞുവീണ് നാശനഷ്ടങ്ങളുണ്ടായി. നാലാഞ്ചിറ പാറോട്ടുകോണത്തും കുടപ്പനക്കുന്നിലും വീടുകളുടെ മുകളിലേക്ക് മരം വീണു.
മലയോര മേഖലയിൽ മണിക്കൂറുകൾ നീണ്ട കനത്ത മഴയാണുണ്ടായത്. അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ഷട്ടറുകൾ വെള്ളിയാഴ്ച വൈകീട്ട് 10 സെന്റിമീറ്റർ ഉയർത്തിയിരുന്നു. തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ മിക്കയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതകുരുക്കിന് ഇടയാക്കി.
ഇളവട്ടം, കുറുപുഴ ഭാഗങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. കുറുപുഴ വെമ്പ് ക്ഷേത്രം ആലുംകുഴി ഇളവട്ടം റോഡിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. വഴയില, ഇളവട്ടം ഭാഗങ്ങളിലും വെള്ളക്കെട്ട് പ്രശ്നം രൂക്ഷമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.