തിരുവനന്തപുരം: മരണനിരക്ക് ആശങ്കയായി ഉയരുമ്പോഴും അമീബിക് മസ്തിഷ്ക ജ്വരം പടരുന്നതിന്റെ കാരണം കണ്ടെത്താനാകാതെ അധികൃതർ. രോഗപ്രതിരോധ മാർഗങ്ങളോ ഉറവിടം കണ്ടെത്തലോ നടക്കുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ 16ന് രോഗം സ്ഥിരീകരിച്ച പോത്തൻകോട് വാവറ അമ്പലം സ്വദേശിനി ഹബ്സാബീവിയാണ് (79) ഒടുവിൽ മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് പനി വന്നതിനേത്തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
നാല് ദിവസത്തിനുശേഷം പക്ഷാഘാതത്തിന് സമാനമായ ലക്ഷണങ്ങൾ കണ്ടതോടെ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ വൃക്കകൾ തകരാറിലാവുകയും മൂന്നുതവണ ഡയാലിസിസ് നടത്തുകയും ചെയ്തു. പനി കുറയാതിരുന്നതിനാൽ വീണ്ടും രക്തം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ദിവസങ്ങൾക്കുള്ളിൽ തലസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള രണ്ടാമത്തെ മരണമാണിത്.
കഴിഞ്ഞദിവസം കുളത്തൂർ സ്വദേശിനിയായ 18 വയസുകാരി മരിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞവർഷം 38 പേർക്കാണ് രോഗം ബാധിച്ചതെങ്കിൽ ഈ വർഷം ഇതുവരെ 133 പേർക്ക് സ്ഥിരീകരിച്ചു. ഈ വർഷം മരണസംഖ്യ 29 ആയി. ഈ മാസം 45 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഏഴുപേർ മരിക്കുകയും ചെയ്തു.
വെള്ളത്തിലൂടെയാണ് രോഗം പകരുന്നതെന്ന നിഗമനത്തിലാണ് ഇപ്പോഴും ആരോഗ്യവകുപ്പ്. മലിനജലം മൂക്കിലൂടെ കയറുമ്പോഴാണ് രോഗബാധയുണ്ടാകുന്നതെന്നാണ് വിശദീകരണം. എന്നാൽ, അത്തരം സാഹചര്യത്തിലല്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നു. അതാണ് പ്രധാന വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.