വെഞ്ഞാറമൂട്: ക്ഷീരകര്‍ഷകനെ അക്രമിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. വെമ്പായം കൊഞ്ചിറ വെങ്കിട്ടവിളയില് ആലിയായ് പുതുവല്‍വിള പുത്തന്‍വീട്ടില്‍ അജിത് കുമാര്‍(37), വെമ്പായം കൊഞ്ചിറ കൈതയില്‍ അഹ്ന മന്‍സിലില്‍ അസീം(42) കോലിയക്കോട് ആലിയാട് പുതുവല്‍വിള പുത്തന്‍വീട്ടില്‍ സുധീഷ്(25), വാമനപുരം വാര്യംകോണം വിഷ്ണു വിലാസത്തില്‍ കിച്ചു (31) എന്നിവരാണ് അറസ്റ്റിലായത്.
വലിയകട്ടയ്ക്കാല്‍ മുരൂര്‍ക്കോണം രോഹിണിയില്‍ അനില്‍ കുമാറിനാണ് മർദനമേറ്റത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി വീടിന് അൽപം അകലെയായി അനില്‍കുമാര്‍ നടത്തുന്ന ആമ്പാടി ഡെയറി ഫാമിൽ വെച്ചായിരുന്നു സംഭവം. രാത്രി പശുക്കളെ നോക്കുന്നതിനും തീറ്റകൊടുക്കുന്നതിനുമായി ഫാമിലെത്തിയ അനില്‍കുമാറിനെ തൊഴുത്തിലേക്ക് കയറിയ ഉടനെ മുഖം മൂടി ധരിച്ച പ്രതികള്‍ നാലുപേരും ചേര്‍ന്ന് മര്‍ദിച്ചവശനാക്കിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു.
തുടർന്ന് അക്കൗണ്ടിലുണ്ടായിരുന്ന 16,000 രൂപ പ്രതികളുടെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ഗൂഗ്ള്‍ പേ വഴി അയക്കുകയുമായിരുന്നു. തുടര്‍ന്ന് അനില്‍കുമാര്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. ഇതിന്റെയടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് തിരുവനന്തപുരം റൂറല്‍ എസ്.പി സുദര്‍ശനന്റെ നിർദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തില്‍ വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്ണ, എസ.ഐമാരായ ഷാന്‍ എസ്.എസ്, സജിത്ത് എസ്, ഗ്രേഡ് എസ്.ഐ ഷാജി, സി.പി.ഒമാരായ ഭരത്, അനൂപ്, ശ്രീകാന്ത്, ഗോകുല്‍ എന്നിവരടങ്ങിയ സംഘം പ്രതികളെ വിവിധ സ്ഥലങ്ങളില്‍നിന്ന് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.