മുൻ എ.എ.ജിക്ക് പൊലീസ് മർദനം; കോടതികൾ ബഹിഷ്കരിച്ച് അഭിഭാഷകർ
തിരുവനന്തപുരം: മുൻ അഡീഷനൽ അഡ്വക്കേറ്റ് ജനറലും (എ.എ.ജി) മുതിർന്ന അഭിഭാഷകനുമായ അഡ്വ.കെ.പി. ജയചന്ദ്രന് നേരെയുണ്ടായ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ തിരുവനന്തപുരം ജില്ലയിലെ കോടതികൾ ബഹിഷ്കരിച്ചു. സംഭവത്തിൽ കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം കോടതിക്ക് സമീപം നിർത്തിയിട്ട വാഹനങ്ങൾക്ക് പിഴ ചുമത്താനുള്ള നീക്കം ചോദ്യം ചെയ്തതിന് തിരുവനന്തപുരം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അഡ്വ.കെ.പി. ജയചന്ദ്രനെ മർദിച്ചെന്നാണ് പരാതി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന പ്രസിഡന്റും കേരളാ ബാർ കൗൺസിൽ അംഗവുമായ ജയചന്ദ്രന് നേരെയുണ്ടായ അതിക്രമം അപലപനീയമാണെന്ന് വിവിധ അഭിഭാഷക സംഘടനകൾ വ്യക്തമാക്കി. തിരുവനന്തപുരം ബാർ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം പലതവണ വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് കെ.പി.ജയചന്ദ്രൻ.
പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ വഞ്ചിയൂർ കോടതി സമുച്ചയത്തിൽ അഭിഭാഷകർ പ്രതിഷേധ റാലി നടത്തി. അസോസിയേഷൻ പ്രസിഡന്റ് ജി.ഗോപിദാസ്, വൈസ് പ്രസിഡന്റ് അനിതാ അജി, ലോയേഴ്സ് യൂനിയൻ സെക്രട്ടറി എ.എ.ഹക്കീം, ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് മൃദുൽ ജോൺ മാത്യു, അഭിഭാഷക പരിഷത്ത് നേതാവ് ജി.ജെ.രാജ്മോഹൻ, ഐ.എ.എൽ. പ്രസിഡന്റ് രാജേഷ് ജെ.ആർ, സെക്രട്ടറി പി.ദിലീപ്ഖാൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി. മുതിർന്ന അഭിഭാഷകനെ മർദിച്ച ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും ഉടനടി സസ്പെൻഡ് ചെയ്യണമെന്നും കർശന വകുപ്പുതല അന്വേഷണം നടത്തണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ജില്ലാ പ്രസിഡന്റ് എസ്.എസ്. ബാലു, സെക്രട്ടറി എം. സലാഹുദീൻ എന്നിവർ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് അഭിഭാഷകരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.