തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃധ നിർമാണങ്ങൾ കോർപറേഷൻ നേതൃത്വത്തിൽ പൊളിച്ചുമാറ്റുന്നു

പാളയം മാർക്കറ്റിലെ കൈയേറ്റം; ഒഴിപ്പിക്കൽ തുടങ്ങി

തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും കോർപറേഷന്‍റെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി മാർക്കറ്റ് നവീകരണം നീണ്ടുപോകുന്നതിനിടെയാണ് നടപടി. മേയറുടെ നിർദേശത്തെത്തുടർന്ന് ഹെൽത്ത് സ്ക്വാഡും പൊലീസും ചേർന്നാണ് കൈയേറ്റം ഒഴിപ്പിച്ചത്. നവീകരണ പ്രവർത്തനങ്ങൾക്കായി താൽക്കാലിക കോംപ്ലക്സുകളിലേക്ക് മാറാൻ വ്യാപാരികൾ തയാറാകാതിരുന്നതും അനധികൃത നിർമാണം വർധിച്ചതുമാണ് ഒഴിപ്പിക്കലിലേക്ക് നയിച്ചത്.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പാളയം മാർക്കറ്റിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഭൂരിഭാഗം കച്ചവടക്കാരും പുതിയ കെട്ടിടങ്ങളിലേക്ക് മാറാൻ തയാറായിട്ടില്ല. പുതിയ കെട്ടിടങ്ങൾ കച്ചവട സൗഹൃദമല്ലെന്നാണ് ആക്ഷേപം. അതിനിടയിൽ അനധികൃത നിർമാണവും വർധിച്ചു.

രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കോർപറേഷനിൽനിന്നുള്ള സ്പെഷൽ സ്ക്വാഡാണ് അനധികൃത കെട്ടിടങ്ങൾ പൊളിച്ചത്. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു. അനധികൃത പണപ്പിരിവ് തടയാനും കോർപറേഷൻ നടപടികൾ തുടങ്ങി. കെട്ടിടം പൊളിക്കുമെന്ന മുന്നറിയിപ്പ് നൽകിയില്ലെന്ന പരാതിയുമായി ഒരു വിഭാഗം രംഗത്തെത്തി. അനധികൃത നിർമാണമുണ്ടെങ്കിൽ സ്വയം പൊളിച്ചുമാറ്റാൻ തയാറാവണമെന്നും അല്ലെങ്കിൽ കോർപറേഷൻ പൊളിച്ചുനീക്കുമെന്നുമാണ് നഗരസഭയുടെ അറിയിപ്പ്.

Tags:    
News Summary - Encroachment at Palayam Market; Evacuation begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.