വ്യാജ ലോൺ ആപ്പ് കേസിൽ പിടിയിലായ ഉത്തേരന്ത്യസംഘം പ്രതികൾ
തിരുവനന്തപുരം: കോൾ സെന്‍ററിന്‍റെ മറവിൽ ലോൺ ആപ് വഴി കോടികളുടെ തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യൻ സംഘത്തിലെ മുഖ്യപ്രതിക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കി. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന മാനേജരും അഹമ്മദാബാദ് സ്വദേശികളുമായ അഖിൽ ചൗധരിയും കപിൽ ഠാക്കൂറുമാണ് കഴിഞ്ഞദിവസം പൊലീസ് പരിശോധന വിവരം അറിഞ്ഞ് രക്ഷപെട്ടത്.
പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് കപിൽ ഠാക്കൂറിനെ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. അഖിൽ ചൗധരിയെ പിടികൂടാൻ സാധിച്ചില്ല. ഇയാൾ വിമാനത്താവളം വഴി രക്ഷപെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ലോൺ ആപ്പുവഴി പണം നൽകാമെന്ന് ആളുകളെ പറ്റിച്ച് പണംതട്ടിയ സംഘത്തെ പിടികൂടുന്നത്. ഉത്തരേന്ത്യാക്കാരായ 18 പേരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. ഇതിൽ 13 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണറിയുന്നത്.
ശ്രീകാര്യത്ത്നിന്ന് പിടികൂടിയ വ്യാജ ലോൺ ആപ്പ് സംഘം ഒന്നരമാസം മുമ്പാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്. പോങ്ങുംമൂട് ചേന്തിയിൽ കെട്ടിടം വാടകക്കെടുത്താണ് പ്രവർത്തിച്ചിരുന്നത്. ലോൺ ആപ്പ് പ്രതിനിധികളെന്ന വ്യാജേനെയാണ് ഇവർ വിദേശികളെ ബന്ധപ്പെട്ടിരുന്നത്. പ്രാദേശിക അമേരിക്കൻ ഭാഷാശൈലിയിൽ സംസാരിച്ച് കുറഞ്ഞ പലിശനിരക്കിൽ വായ്പ വാഗ്ദാനം ചെയ്യുകയും, പ്രോസസിങ് ഫീസ് ഇനത്തിൽ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്തശേഷം ഫോൺകോളുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുകയുമായിരുന്നു രീതിയെന്ന് പൊലീസ് പറയുന്നു. ഇതിനായി പ്രത്യേക പരിശീലനം നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. പോങ്ങുംമൂട്ടിലേക്ക് ഓഫിസ് മാറ്റുന്നതിനുമുമ്പ് കഴക്കൂട്ടം, കുമാരപുരം, ഉള്ളൂർ മേഖലകൾ കേന്ദ്രീകരിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന പൊലീസ് കണ്ടെത്തി.
അനർ സംസ്ഥാനതൊഴിലാളികൾ വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ നിരീക്ഷണമാണ് വൻ സൈബർ തട്ടിപ്പ് സംഘത്തെ പിടികൂടുന്നതിന് കാരണമായത്. സിറ്റി പൊലീസ് കമീഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരമാണ് ഇത്തരമൊരു അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തെ വലയിലാക്കാൻ കാരണമായത്.
‘ഓപറേഷൻ തൂഫാന്റെ’ ഭാഗമായിട്ടായിരുന്നു പൊലീസിന്റെ നീക്കം. ലഹരിമാഫിയയുടെ വൻ റാക്കറ്റ് പ്രവർത്തിക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത് ലോൺ ആപ്പിലൂടെ കോടികളുടെ തട്ടിപ്പുനടത്തുന്ന സംഘത്തെയായിരുന്നു. ഡോളറിൽ വായ്പനൽകാമെന്ന് വാഗ്ദാനംനൽകി നടപടിക്രമങ്ങൾക്കായി മുൻകൂറായി പണം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. പണം തട്ടുന്നതിന് ഫോൺവഴി ഭീഷണി മുഴക്കിയതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.