തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം യു.ഡി.എഫ് സർക്കാർ വെട്ടിക്കുറച്ചതിനെതിരെ എൽ.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, നേതാക്കളായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, കടന്നപ്പള്ളി രാമചന്ദ്രൻ, വർഗീസ് ജോർജ്, വി. സുരേന്ദ്രൻ പിള്ള, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ സമീപം

തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കൽ മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധം -പിണറായി വിജയൻ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള അവസാനഗഡു എൽ.ഡി.എഫ്‌ സർക്കാർ അനുവദിച്ചില്ല എന്ന്‌ മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുന്നത്‌ വസ്‌തുതാവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ എൽ.ഡി.എഫ്‌ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ്‌ അധികാരമൊഴിയുമ്പോൾ 6000 കോടിയിലേറെ രൂപ ട്രഷറിയിലുണ്ടായിരുന്നു. മൂന്നുമാസത്തെ മികച്ച റവന്യു വരുമാനമുണ്ട്‌. കൂടാതെ കടമെടുത്ത 10,000 കോടിയിലേറെ രൂപയുണ്ട്‌.എന്നിട്ടും തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട്‌ മുടക്കി. എൽ.ഡി.എഫ്‌ സർക്കാർ അവസാന ഗഡു നൽകാൻ തയാറായിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കമീഷൻ അനുമതി നൽകിയില്ല. പണം നൽകാൻ ഉത്തരവുണ്ടായിട്ടും തുടർന്നുവന്ന യു.ഡി.എഫ്‌ സർക്കാർ അതിന് തയാറായില്ലെന്നും പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ യു.ഡി.എഫ് സര്‍ക്കാര്‍ ഞെരുക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

ജി.ആർ. അനിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ഐ.എസ്‌.ജെ.ഡി സംസ്ഥാന പ്രസിഡന്റ്‌ മാത്യു ടി. തോമസ്‌, ആർ.ജെ.ഡി സെക്രട്ടറി വർഗീസ്‌ ജോർജ്‌, എൻ.സി.പി എസ്‌.പി സംസ്ഥാന പ്രസിഡന്റ്‌ തോമസ്‌ കെ. തോമസ്‌, കോൺഗ്രസ് എസ്‌ പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി, സഹായദാസ്‌, പി.സി. ജോസഫ്‌, ജില്ല പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബി.പി. മുരളി, നെടുമങ്ങാട്‌ മുനിസിപ്പൽ ചെയർപേഴ്‌സൺ ആർ. ജയദേവൻ, കോർപറേഷൻ എൽ.ഡി.എഫ്‌ പാർലമെന്ററി പാർട്ടി നേതാവ്‌ എസ്‌.പി. ദീപക്‌ എന്നിവർ സംസാരിച്ചു.

Tags:    
News Summary - തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കൽ മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധം -പിണറായി വിജയൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.