പേരൂർക്കട മാനസികാരോഗ്യകേന്ദ്രം

അടിസ്ഥാന സൗകര്യമില്ലാതെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രം

തിരുവനന്തപുരം: ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവാണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തെ അലട്ടുന്ന പ്രധാനപ്രശ്നം. ഇതിനൊപ്പം രോഗികളുടെ ബാഹുല്യവും ആശുപത്രിയുടെ താളം തെറ്റിക്കുന്നു. രോഗികളെ പാർപ്പിക്കാനായി ആവശ്യത്തിന് സെല്ലുകൾ ഇല്ല. രോഗം ഭേദമായിട്ടും ചികിത്സക്കായി എത്തിയവരെ ബന്ധുക്കൾ തിരികെ കൊണ്ടുപോകാത്തതും പ്രതിസന്ധിയാണ്. സന്നദ്ധ സംഘടനകൾ പലപ്പോഴായി ഇത്തരം രോഗികളെ ഏറ്റെടുക്കാറുണ്ടെങ്കിലും ശാശ്വതപരിഹാരമായിട്ടില്ല.

ഡോക്‌ടർ-രോഗി അനുപാതം ഇപ്പോഴും വർഷങ്ങൾക്ക് മുമ്പുള്ളതാണ്. നഴ്‌സുമാർ, സുരക്ഷാജീവനക്കാർ എന്നിവരുടെ കുറവും ആശുപത്രിയിലുണ്ട്. സെല്ലുകളുടെ പോരായ്മ മൂലം ഒന്നിലേറെ പേരെ ഒരേയിടത്ത് പാർപ്പിക്കേണ്ട സ്ഥിതിയുണ്ട്. ആശുപത്രിയുടെ സമഗ്രവികസനം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോഴും പ്രാഥമിക നടപടി പോലും ആരംഭിച്ചിട്ടില്ല. കിടക്കകളും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളുടെ കുറവും പരിഹാരമില്ലാതെ തുടരുന്നു. കെട്ടിടങ്ങളുടെ ശോച്യാവസ്‌ഥയും ആശുപത്രി ഉപകരണങ്ങളുടെ പഴക്കവുമാണ് മറ്റൊരു പ്രതിസന്ധി. ആധുനിക സംവിധാനങ്ങളും പുതിയ ചികിത്സരീതികളും വന്നിട്ടും ഇവയൊന്നും ആശുപത്രിയിലേക്ക് എത്തിയിട്ടില്ല. ചികിത്സ ഉപകരണങ്ങൾ കേടാകുന്നതും പതിവാന്നാണ് ജീവനക്കാർ പറയുന്നത്.

മാസ്റ്റർപ്ലാൻ നടപ്പാക്കും -മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിലവിലെ പോരായ്മ പരിഹരിച്ച് വീണ്ടെടുക്കാൻ മാസ്റ്റർപ്ലാൻ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. 22 വർഷമായി പണി തീരാതെ കിടക്കുന്ന രണ്ട് കെട്ടിടങ്ങളുടെ നിർമാണം ഉടൻ പൂർത്തിയാക്കി തുറന്നുനൽകും. നിലവിലുള്ള കെട്ടിടങ്ങളുടെ ജീർണാവസ്ഥ പരിഹരിക്കും. 2017ലെ മെന്റൽ ഹെൽത്ത് ആക്ട് ശക്തമായി നടപ്പാക്കി രോഗീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും. മരുന്നുകൾ കൃത്യമായി ആവശ്യാനുസരണം ലഭ്യമാക്കും. രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും.

അറ്റൻഡർ, കുക്ക്, സെക്യൂരിറ്റി, അലക്ക് തുടങ്ങിയ വിഭാഗങ്ങളിൽ മതിയായ എണ്ണം ജീവനക്കാരെ നിയോഗിക്കും. ജീവനക്കാരുമായി സഹകരിക്കുന്ന രോഗികളെ സെല്ലുകൾക്ക് പുറത്തേക്ക് എത്തിച്ച് പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് ഉൾപ്പെടെ അവസരമൊരുക്കും. ഇതിന് മുന്നോടിയായി പൊളിഞ്ഞു കിടക്കുന്ന ചുറ്റുമതിൽ ഉൾപ്പെടെ പൂർത്തിയാക്കി സുരക്ഷ ശക്തമാക്കും. കൈയേറ്റം പൂർണമായി ഒഴിപ്പിക്കും. മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിലെ പൊളിഞ്ഞ റോഡുകൾ സഞ്ചാര യോഗ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Peroorkada Mental Health Center without basic facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.