കോട്ടൺഹിൽ ഗവ.ഗേൾസ് സ്കൂളിൽ നടക്കുന്ന ജില്ല ശാസ്ത്രോത്സവത്തിൽ കൂടുതൽ പോയൻറ് നേടിയ കിളിമാനൂർ
ഉപജില്ലയിലെ കുട്ടികളും അധ്യാപകരും മന്ത്രി ആന്റണി രാജുവിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം: പുത്തൻ ആശയങ്ങളും ചിന്തകളും സമ്മേളിച്ച ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി കിളിമാനൂര്‍ ഉപജില്ല. 1077 പോയന്റുമായാണ് കിളിമാനൂരിന്റെ വിജയം. 942 പോയന്റോടെ തിരുവനന്തപുരം നോര്‍ത്താണ് രണ്ടാം സ്ഥാനത്ത്. 929 പോയന്റോടെ തിരുവനന്തപുരം സൗത്തും 918 പോയന്റോടെ ആറ്റിങ്ങലും യഥാക്രമം മൂന്നും നാലും സ്ഥാനം നേടി.
കാട്ടാക്കട (906), നെയ്യാറ്റിന്‍കര (868), പാറശ്ശാല (848), പാലോട് (836), നെടുമങ്ങാട് (824), ബാലരാമപുരം (736), കണിയാപുരം (732), വര്‍ക്കല (672) എന്നിങ്ങനെയാണ് മറ്റുള്ള ഉപജില്ലകളുടെ പോയന്റ് നില. കടുവയിൽ കെ.ടി.സി.ടി ഇ.എം.എച്ച്.എസ്.എസ് 288 പോയന്റ് നേടി സ്കൂളുകളില്‍ ഒന്നാം സ്ഥാനത്തെത്തി. 270 പോയന്റുമായി ഭരതന്നൂര്‍ ഗവ. എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 211 പോയന്റുമായി ആറ്റിങ്ങല്‍ സി.എസ്. ഐ.ഇ.എം.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
205 പോയന്റുമായി ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, 203 പോയന്റുമായി നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ് എന്നിവയും തൊട്ടുപിന്നിലുണ്ട്. കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ജില്ല ശാസ്ത്രോത്സവത്തിന്റെയും വൊക്കേഷനല്‍ എക്സ്പോയുടെയും സമാപന സമ്മേളനം ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് മന്ത്രി ട്രോഫി സമ്മാനിച്ചു. ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ചതിനെക്കാള്‍ മെച്ചപ്പെട്ട കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിക്കാന്‍ പ്രാപ്തരാണ് ഇന്നത്തെ കുട്ടികള്‍. അതിന് പിന്തുണയുമായി എല്ലാവരും കുട്ടികൾക്കൊപ്പമുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജെ. തങ്കമണി, റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ഒ.എസ്. ചിത്ര, ഡി.പി.സി ജവാദ്, കോട്ടണ്‍ഹില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വി. ഗ്രീഷ്മ, ഹെഡ്മിസ്ട്രസ് ജി. ഗീത, എസ്.എം.സി ചെയര്മാന് എസ്.എസ്. അനോജ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബി.എസ്. ഹരിലാല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.