തിരുവനന്തപുരം: കോവളം-ബേക്കൽ ജലപാതവികസനത്തിന്റെ ഭാഗമായ ‘പശ്ചിമതീര പുനരധിവാസ പാക്കേജ്’ പ്രകാരം 182 കുടുംബങ്ങളുടെ പട്ടികക്ക് സർക്കാർ അംഗീകാരം. ഇതുസംബന്ധിച്ച് കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് ഉത്തരവിറക്കി. ധനസഹായത്തിനർഹരായ 174 കുടുംബങ്ങൾ തിരുവനന്തപുരം നഗരസഭപരിധിയിലും എട്ട് കുടുംബങ്ങൾ വർക്കല നഗരസഭപരിധിയിലുമാണ്.
കോവളം മുതൽ വർക്കല വരെയുള്ള ഭാഗത്ത് 1275 കുടുംബങ്ങളെ കനാൽ പുറമ്പോക്കിൽനിന്ന് പുനരധിവസിപ്പിക്കുന്നത് കിഫ്ബി സഹായത്തോടെയാണ്. തിരുവനന്തപുരം നഗരസഭ പരിധിയിലെ 170 കുടുംബങ്ങളും പ്രാദേശികാടിസ്ഥാനത്തിൽ രൂപവത്കരിച്ച സമിതി കണ്ടെത്തിയ നാല് കുടുംബങ്ങളും പാക്കേജിന് അർഹരാണ്. അതേസമയം വർക്കലയിൽ പുനരധിവാസ പാക്കേജിൽ ഉൾപ്പെടാൻ അർഹതയില്ലാത്തതും എന്നാൽ താമസയോഗ്യമായ വീടില്ലാത്തതുമായ എട്ട് കുടുംബങ്ങൾക്ക് വാടകവീട്ടിലേക്ക് മാറുന്നതിനുള്ള ധനസഹായമായി ഒരുലക്ഷംരൂപ വീതം അനുവദിക്കാനും അംഗീകാരം നൽകി.
2023 ഡിസംബറിലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. വർക്കല- 372 കുടുംബങ്ങൾ, കഠിനംകുളം- 194 കുടുംബങ്ങൾ, തിരുവനന്തപുരം- 914 കുടുംബങ്ങൾ എന്നിങ്ങനെയാണ് പുനരധിവസിപ്പിക്കുക. ഇവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും. ഇവർക്ക് വാടകയിനത്തിൽ ആവശ്യമായി വരുന്ന തുക, കടകൾക്കുള്ള നഷ്ടപരിഹാരം എന്നിവ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.