വിഴിഞ്ഞം: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടികൂടിയ യുവാവ് പൊലീസുകാരന്റെ മൊബൈൽ ഫോൺ അടിച്ച് മാറ്റി മുങ്ങി. മണിക്കുറുകൾക്കുശേഷം പ്രതി തമ്പാനൂരിൽ നിന്ന് പിടിയിലായി. ബാലരാമപുരം പള്ളിവിളാകം സ്വദേശി സജു പി. ജോൺ(46) ആണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഉച്ചയോടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ സജുവിനെ മുക്കോലയിൽ നിന്ന് വിഴിഞ്ഞം പൊലീസ് പിടികൂടി ജീപ്പിൽ സ്റ്റേഷനിൽ എത്തിച്ചശേഷം ജാമ്യത്തിൽ വിട്ടു. പുറത്തിറങ്ങിയ പ്രതി സ്റ്റേഷൻ മുറ്റത്ത് ജീപ്പിന്റെ സീറ്റിൽ വെച്ചിരുന്ന സി.പി ഒ. ഷിജിന്റെ മൊബൈൽ ഫോൺ കൈക്കലാക്കി കടന്നു.
ഇയാളാണ് ഫോൺ മോഷ്ടിച്ചതെന്ന കാര്യം പൊലീസും അറിഞ്ഞില്ല. നഷ്ടമായ ഫോണിനായി പൊലീസുകാർ എല്ലായിടവും മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാക്കിയതും അന്വേഷണത്തിന് തടസമായി. ഇതിനിടയിൽ ഗുരുവായൂർ മേഖലയിൽ കടൽപ്പണിക്ക് പോകാറുള്ള സജു മോഷ്ടിച്ച മൊബൈലുമായി വീട്ടിൽനിന്ന് യാത്ര തിരിച്ചു. രാത്രിയിൽ തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ കണ്ട ഇയാളെ സംശയത്തിന്റെ പേരിൽ റെയിൽവേ പൊലീസ് പിടികൂടി.
ഒന്നിൽ കൂടുതൽ ഫോൺ കൈയിലുള്ളതായി കണ്ട പൊലീസ് കാര്യങ്ങൾ തിരക്കിയെങ്കിലും പരസ്പര വിരുദ്ധമായി നൽകിയ മറുപടി സംശയത്തിനിടയാക്കി. കൂടുതൽ ചോദ്യംചെയ്തതോടെയാണ് വിഴിഞ്ഞം സ്റ്റേഷനിൽ നടത്തിയ മോഷണ വിവരം വെളിവാക്കിയത്. റെയിൽവേ പൊലീസ് വിവരമറിയിച്ചപ്പോഴാണ് സജുവാണ് കള്ളനെന്ന കാര്യം വിഴിഞ്ഞം പൊലീസ് അറിയുന്നത്. തുടർന്ന് വിഴിഞ്ഞം സ്റ്റേഷനിൽ എത്തിച്ച പ്രതിയെ മോഷണക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻറു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.