തിരുവനന്തപുരം: പാർക്കിൻസൺസ്, ഡിസ്റ്റോണിയ തുടങ്ങി ഗുരുതര ചലനവൈകല്യം ബാധിച്ച നിർധനരോഗികൾക്ക് ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ചികിത്സ നിഷേധിക്കുന്നെന്ന് പരാതി. തലച്ചോറിൽ നടത്തുന്ന ശസ്ത്രക്രിയക്ക്15 ലക്ഷത്തോളം രൂപയാണ് ചെലവ്.
കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ ആരോഗ്യനിധി പദ്ധതിയിൽ ഉൾപ്പെടുത്തി നിർധന രോഗികൾക്ക് സൗജന്യമായാണ് ചെയ്തിരുന്നത്. 2019ന് ശേഷം അപേക്ഷ സമർപ്പിക്കൽ ഉൾപ്പെടെ ഓൺലൈനാക്കിയതോടെ പദ്ധതി തകിടംമറിഞ്ഞു. അപേക്ഷ ആശുപത്രി സമർപ്പിക്കുമെങ്കിലും കേന്ദ്രത്തിന്റെ അപ്രൂവൽ കിട്ടിയില്ലെന്ന് പറഞ്ഞാണ് നീട്ടിക്കൊണ്ടുപോകുന്നതത്രെ.
രേഖകൾ സമർപ്പിക്കുന്നതിലെ ഉദ്യോഗസ്ഥതല വീഴ്ചയാണ് കാരണമെന്നാണ് ആക്ഷേപം. ജീവൻ അപകടത്തിലാക്കുന്ന രോഗങ്ങൾക്കും കാൻസറിനുമായി എയിംസ് ഉൾപ്പെടെ രാജ്യത്തെ ചുരുക്കം ആശുപത്രികൾക്ക് മാത്രമായി 2009ലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിപ്രകാരം പ്രതിവർഷം 50 ലക്ഷം രൂപ കേന്ദ്രം ആശുപത്രിക്ക് നൽകാറുണ്ട്. ചെലവാകുന്നതനുസരിച്ച് രേഖകൾ കൃത്യമായി സമർപ്പിച്ചാൽ തുടർന്നും ലഭ്യമാക്കും.
ഇതിൽനിന്ന് ആശുപത്രി സൂപ്രണ്ടിന് രണ്ടുലക്ഷം വരെ കേന്ദ്ര അനുമതിയില്ലാതെ നൽകാൻ അധികാരമുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അനുവദിക്കുന്നില്ലെന്നാണ് പരാതി. ഗുരുതര ചലനവൈകല്യമുള്ളവർക്ക് മരുന്ന് ഫലിച്ചില്ലെങ്കിൽ തലച്ചോറിലേക്ക് വൈദ്യുതി കടത്തിവിടുന്ന ‘ന്യൂറോ സ്റ്റിമുലേഷൻ’ ശസ്ത്രക്രിയയാണ് പ്രതിവിധി. നെഞ്ചിനുള്ളിൽ ബാറ്ററി ഘടിപ്പിച്ച് അതിന്റെ വയർ തലച്ചോറിലേക്ക് കടത്തിവിടുന്നതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.