പാപനാശം കുന്നിൽ ഇടിഞ്ഞ ഭാഗം, നടപ്പാതയുടെ അടിവശത്തു നിന്നുമാണ് ഇടിഞ്ഞത്
വർക്കല: കനത്ത മഴയിൽ പാപനാശം കുന്ന് വീണ്ടും ഇടിഞ്ഞു വീണു. നോർത്ത് ക്ലിഫ് ഭാഗത്തെ പഴയ വർക്കല കോടിക്ക് സമീപമാണ് കുന്നിടിഞ്ഞത്. കുന്നിൻ മുകളിലെ നടപ്പാതയുടെ അടിയിൽനിന്ന് ഏകദേശം ഏഴ് മീറ്ററോളം വീതിയിൽ ഇടിഞ്ഞ കുന്ന് പത്ത് മീറ്ററോളം താഴേക്ക് പതിച്ചു. ഇതോടെ കുന്നിടിഞ്ഞ ഭാഗത്തെ നടപ്പാത പൊള്ളയായതുമൂലം അതീവ അപകടാവസ്ഥയിലായി.
കുന്നിന്റെ മുകളിലൂടെ നടന്നു വരുന്ന സഞ്ചാരികൾക്ക് ഇത് കാണാനാവില്ല. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ നടപ്പാത അപ്പാടെ കുന്നിനടിവാരത്തേക്ക് ഇടിഞ്ഞു വീഴുമെന്ന നിലയിലായി. കുന്നിന്റെ മുനമ്പുകളും അപകടവസ്ഥയിലാണ്. ഇതുവഴി കാൽനട യാത്രക്കാരുടെ സഞ്ചാരവും ഭയക്കേണ്ടതുണ്ട്. നടപ്പാതയുടെ മിക്കവാറും ഭാഗങ്ങളെല്ലാം അടന്നുവീണ് അകം പൊള്ളയായ നിലയാണ്.
യാത്ര നിയന്ത്രിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ സംഭവിക്കാൻ സാധ്യത ഏറെയാണ്. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ കുന്നിടിഞ്ഞിട്ടുണ്ടെങ്കിലും ഇത്തവണ കുന്നിൻ മുകളിലെ സംരക്ഷണ വേലിക്ക് താഴ്ഭാഗമാണ് ഇടിഞ്ഞത്. ഇത് സഞ്ചാരികളുടെ സുരക്ഷയെ സങ്കീർണമാക്കുന്നു. യുനസ്കോയുട പൈതൃക പട്ടികയിൽ ഇടം നേടിയ പാപനാശം കുന്നുകളുടെ സംരക്ഷണത്തിനായി പഠനങ്ങൾ പതിറ്റാണ്ടുകളായി നടക്കുന്നുണ്ട്. എങ്കിലും കൃത്യമായ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.