‘ലിഗയുടെ സ്മാരകം വിശ്രമിക്കാനും ഓർമ പങ്കുവെക്കാനുമുള്ള ഇടമായിരിക്കണം’; കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി

തിരുവനന്തപുരം: എല്ലാവർക്കും വിശ്രമിക്കാനും ചിന്തിക്കാനും, ഓർമകൾ പങ്കുവെക്കാനുമുള്ള പച്ചപ്പും ഇരിപ്പിടങ്ങളുമുള്ള ശാന്തമായ സ്ഥലമായിരിക്കണം തന്‍റെ സഹോദരിയുടെ ഓർമക്കായി കോവളത്ത് ഒരുക്കുന്ന സ്മാരകമെന്ന് ലാത്വിയൻ വനിതയുടെ സഹോദരി ഇൽസ സ്ക്രോമനെ. മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഫേസ്ബുക്ക് പോസ്റ്റിലാണ് ഇൽസ ആഗ്രഹം പ്രകടിപ്പിച്ചത്. കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതി ലിഗ സ്ക്രോമനെയുടെ സഹോദരിയാണ് ഇൽസ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് സഹോദരിയുടെ ഓർമക്കായി സ്മാരകം വേണമെന്ന് അഭ്യർഥിച്ചതും മുഖ്യമന്ത്രി അംഗീകരിച്ചതും. കോവളത്ത് സംസ്ഥാന സർക്കാർ ഒരു ഹരിത കോർണർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണാൻ സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നുവെന്ന് ഇൽസ സ്‌ക്രോമനെ ഫേസ്ബുക്കിൽ പറഞ്ഞു. കാണാതാകുന്ന ആളുകളുമായി ബന്ധപ്പെട്ട കേസുകൾക്കായി ഒരു പ്രത്യേക പൊലീസ് വിഭാഗം രൂപവത്കരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുന്നിൽ സമർപ്പിച്ചതായി ഇൽസ പറഞ്ഞു. ചില നടപടികൾ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വിഷയം കൂടുതൽ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പുനൽകിയതായും ഇൽസ വ്യക്തമാക്കി.

കോടതി അനുവദിച്ച നഷ്ടപരിഹാരം വൈകുന്ന കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇക്കാര്യത്തിൽ വ്യക്തിപരമായി ഇടപെട്ട് പരിഹാരം കാണുമെന്ന് ഉറപ്പുനൽകിയെന്നും ഇൽസ പറഞ്ഞു. തന്റെ സഹോദരിയുടെ കേസുമായി ബന്ധപ്പെട്ട ഭാവിയിലെ ഏത് സംഭവവികാസങ്ങളും കേരള സർക്കാർ തുടർന്നും ശ്രദ്ധിക്കുമെന്നും ഉറപ്പ് നൽകി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കേസ് സുരക്ഷിതമായ കൈകളിലാണെന്ന ആത്മവിശ്വാസം കുടുംബത്തിന് ലഭിച്ചുവെന്നും പറഞ്ഞു. ലിഗയ്ക്ക് നീതി നേടാനുള്ള ദീർഘയാത്രയിൽ കുടുംബത്തെ സഹായിച്ച എല്ലാവർക്കും ഇൽസ നന്ദി അറിയിച്ചു.

Tags:    
News Summary - 'Liga's memorial should be a place of rest and sharing of memories': Sister of Latvian woman killed in Kovalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.