ജില്ലയിൽ ഡെങ്കിപ്പനി ഭീഷണി; അതിജാഗ്രത പാലിക്കാൻ നിർദേശം

തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതി ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇടവിട്ടുള്ള മഴ ഈഡിസ് കൊതുകുകൾ മുട്ടിയിട്ട് പെരുകാൻ കാരണമാകുന്നതിനാൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

കൊതുകിന്റെ പ്രജനനം തടയുന്നതിനായി ആഴ്ചയിൽ മൂന്ന് ദിവസം കൃത്യമായ ‘ഡ്രൈ ഡേ’ ആചരിക്കണം. വെള്ളിയാഴ്ച: വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശനിയാഴ്ച: തൊഴിലിടങ്ങൾ, പൊതുസ്ഥാപനങ്ങൾ, ഞായറാഴ്ച: വീടുകൾ. കെട്ടിനിൽക്കുന്ന വെള്ളം നീക്കം ചെയ്തും പാഴ്വസ്തുക്കൾ സംസ്കരിച്ചും ഉറവിട നശീകരണം ഉറപ്പാക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക

ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, കണ്ണിന് പിന്നിലെ വേദന, ശരീരത്തിൽ ചുവന്ന പാടുകൾ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടണം.

ശ്രദ്ധിക്കേണ്ട ഇടങ്ങൾ

വീടിനുള്ളിലും പുറത്തും കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി ശുചീകരിക്കണം. വീടിനുള്ളിൽ ചെടിച്ചട്ടികൾക്ക് താഴെയുള്ള ട്രേ, എ.സിയിലെ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗം, മണിപ്ലാന്റ് വളർത്തുന്ന പാത്രങ്ങൾ, ഫ്രിഡ്ജിന് പുറകിലെ ട്രേ, ഉപയോഗിക്കാത്ത ക്ലോസറ്റുകൾ എന്നിവ പരിശോധിക്കണം.

  • പുറത്തെ ഇടങ്ങളിൽ ടയറുകൾ, ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ, മുട്ടത്തോട്, ടെറസ്, സൺഷൈഡുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
  • തോട്ടങ്ങളിൽ റബർ പാൽ ശേഖരിക്കുന്ന ചിരട്ടകൾ, പൈനാപ്പിൾ ചെടിയുടെ ഇടകൾ, പാളകൾ, കേടായ തേങ്ങകൾ, കൊക്കോ തോടുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.

പ്രതിരോധ മാർഗങ്ങൾ

കൊതുക് കടി ഏൽക്കാതിരിക്കാൻ വ്യക്തിഗത സുരക്ഷ മാർഗങ്ങൾ സ്വീകരിക്കണം. ശരീരമാസകലം മൂടുന്ന വിധത്തിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക എന്നിവ ശീലമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Tags:    
News Summary - Dengue fever threat in the district; advice to be on high alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.