വെഞ്ഞാറമൂട്: ബൈക്കിലെത്തി വീട്ടമ്മയുടെ 1.75 പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല തട്ടിയ കേസില്‍ രണ്ട് പേരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ തൊഴുക്കല്‍ തൈത്തോട്ടം സാജന്‍ നിവാസില്‍ സാജന്‍(29), കാരേറ്റ് പുളിമാത്ത് മാടന്‍വിള വീട്ടില്‍ സിനു(25) എന്നിവരാണ് അറസ്റ്റിലായത്. മുദാക്കല്‍ പൊയ്കമുക്ക് ലക്ഷംവിള ആഞ്ജനേയത്തില്‍ പ്രശോഭനയുടെ മാലയാണ് അപഹരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.40ന് ആനാകുടി പോസ്‌റ്റോഫിസിന് സമീപമാണ് സംഭവം. പോസ്‌റ്റോഫിസില്‍നിന്ന് പണം എടുക്കാന്‍ വന്നതായിരുന്നു ഇവര്‍. പണവുമെടുത്ത് മടങ്ങുന്നതിനിടെ പ്രതികള്‍ ബൈക്ക് നിര്‍ത്തി വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കന്നതിനിടെ താലി ഉൾപ്പെടുന്ന മാല പൊട്ടിച്ച് അതിവേഗം കടന്നു.
ജില്ല പൊലീസ് മേധാവി പ്രശാന്തന്റെ നിർദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സന്തോഷ് കുമാര്‍, വെഞ്ഞാറമൂട് എസ്.എച്ച്.ഒ ടി.ഡി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞ് സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും, വാഹന പരിശോധന നടത്തിയും, സമാന കേസുകളിലെ പ്രതികളെ കുറിച്ച് അന്വേഷിച്ചും സാജനെ നെയ്യാറ്റിന്‍കരയില്‍ നിന്നും സിനുവിനെ ആലംകോട് വഞ്ചിയൂരില്‍ നിന്നും പിടികൂടികൂടുകയായിരുന്നു.
സാജന്‍ നെയ്യാറ്റിന്‍കര സ്‌റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമം ഉൾപ്പടെ ഒട്ടനവധി കേസുകളിലെ പ്രതിയാണ്. കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ ആയിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ജയിലില്‍ വച്ചാണ് ഇരുവരും പരിചയത്തിലായത്. ഇടറോഡുകള്‍ കേന്ദ്രീകരിച്ച് ബൈക്കില്‍ കറങ്ങി നടന്ന പ്രതികള്‍ സംഭവദിവസം അരുവിക്കര സ്റ്റേഷന്‍ പരിധിയിലും മാല പൊട്ടിക്കുവാന്‍ ശ്രമം നടത്തിയിരുന്നു. നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഇവര്‍ ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ അക്രമിച്ച് മാല പൊട്ടിച്ചെടുക്കുകയാണ് രീതി.
അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ എസ്. ഷെമീര്‍, പി. അംബരീഷ്, എം.എ. ഷാജി, ജി.എസ്.ഐ എസ്. ബിജു, നജിംഷ, അനൂപ്, സിയാസ്, എം.പി. അഭിജിത്ത്, അനീഷ്, നംഷീര്‍ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.