അനൈന
മംഗലപുരം: കോരാണി കാരിക്കുഴിയിൽ ദേശീയപാതയിൽ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് കാറിലിടിച്ച് ലോ കോളജ് വിദ്യാർഥിനി മരിച്ചു. കൊല്ലം സ്വദേശി ശ്രീകാര്യം ചെക്കാലമുക്ക് വികാസ് നഗറിൽ വാടകക്ക് താമസിക്കുന്ന സജീദ്-രാജി ദമ്പതികളുടെ മകൾ അനൈന (22) ആണ് മരിച്ചത്. തിരുവനന്തപുരം ലോ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
വ്യാഴാഴ്ച രാവിലെ 11.30 നായിരുന്നു അപകടം. കാറിൽ അനൈനയെ കൂടാതെ മൂന്നുപേരാണുണ്ടായിരുന്നത്. അനൈനയുടെ പിതാവ് സജാദ്, അമ്മ രാജി, സഹോദരൻ അംജിദ്. അംജിദാണ് കാർ ഓടിച്ചിരുന്നത്. ബംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലിനോക്കുന്ന അംജിദിെൻറ പെണ്ണുകാണൽ ചടങ്ങുമായി ബന്ധപ്പെട്ട് കൊല്ലത്തേക്ക് പോകുകയായിരുന്നു കുടുംബം. അപകടത്തിൽ നാലുപേർക്കും ഗുരുതര പരിക്കേറ്റു. അനൈനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊലീസ് ജീപ്പിൽ രണ്ടുപേരാണുണ്ടായിരുന്നത്; അവരുടെ പരിക്കുകൾ ഗുരുതരമല്ല. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണംവിട്ട് കൊല്ലം ഭാഗത്തേക്കുപോയ അനൈനയും കുടുംബവും യാത്ര ചെയ്തിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. കാരിക്കുഴി ഭാഗത്ത് റോഡിെൻറ വശത്ത് ഇൻറർലോക്ക് പാകാനായി എടുത്ത കുഴിയിൽ വീണതിനെത്തുടർന്ന് നിയന്ത്രണം തെറ്റിയാണ് പൊലീസ് ജീപ്പ് കാറിലിടിച്ചുകയറിയത്. പരിക്കേറ്റ പൊലീസ് ജീപ്പിലെ ഡ്രൈവർ അഹമദിനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ ഷജീറിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലപുരം പൊലീസ് തുടർ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.