സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തെത്തിയ സാബു വർഗീസ്, ലീന, മക്കളായ കോളിൻ, എയിഡൻ എന്നിവരെ ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി
ധനവൃക്ഷം നൽകി സ്വീകരിക്കുന്നു
തിരുവനന്തപുരം: എട്ടുവർഷം മുമ്പ് രണ്ടാം വയസ്സിൽ ‘അമ്മക്കൂട്ടിൽ’നിന്ന് അമേരിക്കയിലേക്ക് വിമാനം കയറിയ കോളിൻ മാതൃവേരുകൾ തേടി സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് വീണ്ടുമെത്തി. കൂടെ ജ്യേഷ്ഠൻ എയിഡനും മാതാപിതാക്കളായ സാബു വർഗീസും ലീനയുമുണ്ടായിരുന്നു.
വർഷങ്ങൾക്കുശേഷം സമിതിയിലെ സ്നേഹത്തണലിലേക്ക് തിരിച്ചെത്തിയപ്പോൾ അമ്മമാർക്ക് ആനന്ദക്കണ്ണീർ. കേരളത്തിൽ വേരുകളുള്ള അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സാബു വർഗീസും ലീനയും 2018ലാണ് സംസ്ഥാന ശിശുക്ഷേമ സമിതിയിൽനിന്ന് കോളിനെ ദത്തെടുത്തത്.
ടെക്സസിലെ പബ്ലിക് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് കോളിൻ. 2014ൽ പോണ്ടിച്ചേരിയിൽനിന്ന് ഇവർ എയിഡൻ എന്ന ആൺകുട്ടിയെക്കൂടി ദത്തെടുത്തിരുന്നു. എയിഡൻ ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. അമേരിക്കയിലെ തിരക്കുകൾക്കിടയിലും മക്കളെ അവരുടെ ജന്മനാടിന്റെ സംസ്കാരവും വേരുകളും പരിചയപ്പെടുത്തണമെന്ന നിർബന്ധം സാബുവിനും ലീനക്കുമുണ്ടായിരുന്നു. മക്കളുടെ ഈ അവധിക്കാലം അവർ അതിനായി മാറ്റിവെച്ചു.
ഹരിപ്പാട് ചേപ്പാട് സ്വദേശിയായ സാബുവിന്റെ മാതാപിതാക്കൾ 1971ലാണ് ന്യൂയോർക്കിലേക്ക് കുടിയേറിയത്. 1976ൽ അമേരിക്കയിൽ ജനിച്ച സാബു വർഗീസ് ഇപ്പോൾ ടെക്സസിൽ എയർ ട്രാഫിക്ക് കൺട്രോളറായി ജോലിനോക്കുകയാണ്.
കോതമംഗലത്ത് തായ് വേരുള്ള ലീന ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. നിലവിൽ ടെക്സസിൻ ഫിനാൻസ് മാനേജരാണ്. ഇവർ ശനിയാഴ്ച പോണ്ടിച്ചേരിയിലേക്ക് തിരിക്കും. എയിഡന്റെ ജന്മനാട് സന്ദർശിച്ചശേഷമേ അമേരിക്കയിലേക്ക് മടങ്ങൂ. നിയമപരമായ ദത്തെടുക്കലിലൂടെ രണ്ട് കുരുന്നുകൾക്ക് സുരക്ഷിതവും മനോഹരവുമായ ഭാവി സമ്മാനിച്ച സാബുവിനെയും ലീനയെയും ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപിയും അമ്മമാരും ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.