തിരുവനന്തപുരം: തീരദേശ മേഖലകളെ ബന്ധിപ്പിച്ച് കളിയിക്കാവിളയിൽനിന്ന് കരുനാഗപ്പള്ളിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവിസുമായി കെ.എസ്.ആർ.ടി.സി.
കളിയിക്കാവിളയിൽനിന്ന് പാറശ്ശാല, പൂവാർ, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുംമുഖം, വെട്ടുകാട്, വേളി, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ, പരവൂർ, കൊല്ലം, നീണ്ടകര, ചവറ വഴി കരുനാഗപ്പള്ളിയിലേക്കും തിരിച്ചുമാണ് സർവിസ്. രണ്ട് ബസ് വിന്യസിച്ച് പ്രതിദിനം നാല് സർവിസ് വീതമാണ് ഇരുദിശയിലേക്കുമുണ്ടാവുക.
കളിയിക്കാവിളയിൽനിന്ന് കരുനാഗപ്പള്ളിയിലേക്ക് 142.8 കിലോമീറ്റർ ദൂരത്തിൽ 21 സ്റ്റോപ്പാണുള്ളത്.
രാവിലെ 4.30ന് ആരംഭിച്ച് രാത്രി 11.25ന് അവസാനിക്കുംവിധമാണ് സമയക്രമം. ഉദ്ഘാടനം ഈ മാസം 15ന് വൈകുന്നേരം അഞ്ചിന് വെട്ടുകാട് മന്ത്രി ആന്റണി രാജു നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് സർവിസ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ.
ഒപ്പം ദേശീയപാതയുടെ തിരക്കും ബഹളവുമില്ലാതെ ശാന്തമായ കടൽക്കാഴ്ചകളും കടൽക്കാറ്റും ആസ്വദിച്ച് സഞ്ചരിക്കാമെന്നതിനാൽ വിനോദസഞ്ചാരത്തിനും മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. അഞ്ചുതെങ്ങ് ഭാഗത്ത് മാത്രമാണ് റോഡ് അൽപം പരിമിതിയും ഞെരുക്കവുമുള്ളത്.കുപ്പിക്കഴുത്തുപോലുള്ള ഇടുങ്ങിയ ഭാഗങ്ങളും ഇവിടെയുണ്ട്.
ശേഷിക്കുന്ന ഭാഗം മുഴുവൻ വിശാലവും സുഗമവുമായ യാത്രക്കുതകുന്നതാണ്. പാറശ്ശാല, കോവളം, തിരുവനന്തപുരം, കഴക്കൂട്ടം, ചിറയിൻകീഴ്, വർക്കല, ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി എന്നിങ്ങനെ തിരുവനനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന തീരദേശ മണ്ഡലങ്ങളിലൂടെയാണ് ബസ് സർവിസ്. തീരദേശജനതയെ പരസ്പരം ബന്ധിപ്പിക്കുന്നതിനുകൂടി സർവിസ് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ. തീരദേശജനതയുടെ ഏറെ നാളായുള്ള ആവശ്യമാണ് ഇത്തരമൊരു ബസ് സർവിസ്. നവംബർ 16 ഓടെ സമയക്രമ പ്രകാരമുള്ള സർവിസ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.