പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സംഘടിപ്പിക്കുന്ന ‘നിറവ് 2026' ഫാം ഫെസ്റ്റ് മന്ത്രി ടി. സിദീഖ് ഉദ്ഘാടനം ചെയ്യുന്നു
കേരളത്തിലെ സർക്കാർ ഫാമുകളെ അഗ്രി ടൂറിസം കേന്ദ്രങ്ങളാക്കും: കൃഷിമന്ത്രി ടി. സിദ്ദിഖ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഫാമുകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അവയെ കാർഷിക ഉൽപ്പാദനത്തിനൊപ്പം പൊതുജനങ്ങളെ ആകർഷിക്കുന്ന അഗ്രി ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ്. ഇതിനായി ഫാമുകളുടെ ശേഷിവികസന പരിപാടി തയ്യാറാക്കുമെന്നും ആവശ്യമായിടത്ത് സർക്കാർ പിന്തുണയും പി.പി.പി. മാതൃകയും ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിച്ച് നയരൂപീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സംഘടിപ്പിക്കുന്ന ‘നിറവ് 2026' ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ വിവിധ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള 64 ഫാമുകളാണുള്ളത്. ഇവയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നവക്കൊപ്പം കൂടുതൽ വികസനം ആവശ്യമായ ഫാമുകളുമുണ്ട്. ഓരോ ഫാമിന്റെയും സാധ്യതകൾ കൃത്യമായി വിലയിരുത്തി കാർഷിക ഉൽപ്പാദനം, വിജ്ഞാനവ്യാപനം, വിനോദസഞ്ചാരം എന്നിവ സമന്വയിപ്പിക്കുന്ന മാതൃകയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
സവാളയുടെ വിലവർധന നിയന്ത്രിക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തി 100 ടൺ സവാളക്ക് ഓർഡർ നൽകിയതായും ഇതിൽ 50 ടൺ സംസ്ഥാനത്ത് എത്തിച്ച് കിലോക്ക് 35 രൂപ നിരക്കിൽ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. സെപ്റ്റംബർ 15വരെ നടക്കുന്ന ‘നിറവ് 2026' ഫാം ഫെസ്റ്റിൽ കാർഷിക പ്രദർശന–വിപണന സ്റ്റാളുകൾ, വിവിധ സെമിനാറുകൾ, കലാപരിപാടികൾ, കൃഷിയധിഷ്ഠിത വിനോദ-വിജ്ഞാന മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.
രണ്ടായിരത്തിലധികം സൂര്യകാന്തിപ്പൂക്കൾ നിറഞ്ഞ തോട്ടം, മുളയും തടിയും ഉപയോഗിച്ച് നിർമിച്ച പാലവും കുടിലും, പ്രത്യേക സെൽഫി പോയിന്റ് എന്നിവ ഫാം ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സുധീർ ഷാ പാലോട് എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. പി. മുരളി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശോഭന ബി., കെ.ആർ. ഷൈജു, ആർ. പ്രീത, എൽ.പി മായാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥൻ നായർ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ. അരുൺകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.