ആര്യനാട്: ആര്യനാട് വില്ലേജ് ഓഫിസിൽ ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ റവന്യൂ വകുപ്പ് ജോയന്റ് സെക്രട്ടറി ജെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫിസിലെത്തി തെളിവുകള്‍ ശേഖരിച്ചു. വ്യാഴാഴ്ച രാവിലെ പത്തരയോടെ എത്തിയ അന്വേഷണ സംഘം വൈകീട്ടാണ് മടങ്ങിയത്.
വില്ലേജ് ഓഫിസർ, ജീവനക്കാർ, സി.പി.ഐ നേതാക്കളായ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, നേതാക്കളായ വിജയകുമാർ, രാമചന്ദ്രൻ, മഹേശ്വരൻ, അപേക്ഷ നൽകിയ ഉദ്യോഗാർഥികൾ, ഓൺലൈൻ സെന്ററുകൾ നടത്തുന്നവർ എന്നിവരിൽനിന്ന് മൊഴിയെടുത്തു.
പി.എസ്.സിക്ക് നൽകാനായി മീനാങ്കൽ സ്വദേശിനി ജീവ കൃഷ്ണനാണ് ജാതി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് ആരോപിച്ച് സി.പി.ഐ പ്രവർത്തകർ വില്ലേജ് ഓഫിസറെ ഉപരോധിച്ചു.
ആര്യനാട് പൊലീസ് സി.പി.ഐ നേതാക്കൾക്കും ഉദ്യോഗാർഥികൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രതിഷേധമാർച്ചും നടത്തി. വില്ലേജ് ഓഫിസർക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് എന്നിവര്‍ മന്ത്രിക്ക് പരാതി നൽകിയിരുന്നു. മന്ത്രിയുടെ നിർദേശത്തെതുടര്‍ന്നാണ് അന്വേഷണത്തിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.