ഏഴ് സെക്രട്ടേറിയറ്റ് ജീവനക്കാർക്കെതിരെ കോടതി നിർദേശാനുസരണം കേസ്

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പൊതുയോഗത്തിന്‍റെ ഹാജർ വ്യാജമായി ചമച്ച് കോടതിയിൽ സമർപ്പിച്ചെന്ന കേസിൽ ഏഴ് സെക്രട്ടേറിയറ്റ് ജീവനക്കാർക്കെതിരെ കേസെടുത്തു. കോടതി നിർദേശാനുസരണമാണ് കേസ്.

സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ ഉന്നത തസ്തികകൾ വഹിക്കുന്ന എം.എസ്. ജ്യോതിഷ്, സി.എസ്. ശരത്ചന്ദ്രൻ, നൗഷാദ് ഹുസൈൻ, കെ.എസ്. ഹാരിസ്, ബി. സജീവ്, പി.സി. സാബു, രഞ്ജിത് എന്നിവർക്കെതിരെ കേസെടുക്കാനാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.

അതിന്‍റെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വാർഷിക സമ്മേളന പൊതുയോഗത്തിന്‍റെ മിനിട്സ് വ്യാജമായി തയാറാക്കിയെന്ന പരാതിയിലാണ് കോടതിയുടെ ഇടപെടൽ.

കഴിഞ്ഞ ജൂലൈ ഏഴിന് വൈകീട്ട് നാലരക്ക് പൊതുയോഗം ചേർന്നതായി പ്രതിസ്ഥാനത്തുള്ളവർ ഹാജർ രേഖ തയാറാക്കി കോടതിയിൽ സമർപ്പിച്ചെന്നാണ് പരാതി. 94 പേർ പങ്കെടുത്തതായാണ് രേഖ തയാറാക്കിയത്.

സംഘടനയുടെ മിനിട്സിൽ യഥാർഥ ആളുകളല്ലാത്തവരുടെ പേരും ഒപ്പും വ്യാജമായി നിർമിച്ച് മുൻസിഫ് കോടതിയിൽ സമർപ്പിച്ചെന്നാണ് പരാതിയെന്ന് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

കോടതിയിൽ സമർപ്പിച്ച രേഖയിൽ പറഞ്ഞിരുന്ന പേരുകാരിൽ മിക്ക ആളുകളും ഇത്തരമൊരു യോഗത്തിൽ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. കേരള സെക്രട്ടേറിയറ്റ് അസോസിയേഷനിലെ വിഭാഗീയതയാണ് ഇത്തരമൊരു പരാതിക്ക് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Case against seven secretariat employees as directed by the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.