വെള്ളക്കെട്ട്: പുതിയ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാൻ തീരുമാനം

തിരുവനന്തപുരം: റെയില്‍വെയുടെ ഭാഗത്ത് നടത്തുന്ന നിർമാണ പ്രവര്‍ത്തനം പഴവങ്ങാടി തോടിന്റെ വീതി കുറയുന്നതിനും പ്രദേശത്ത് വെള്ളം ഉയരുന്നതിനും ഇടയാക്കിയതായി തലസ്ഥാനത്തെ വെള്ളക്കെട്ട് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ ചേർന്ന ഉന്നതതല അടിയന്തരയോഗം യോഗം വിലയിരുത്തി. മന്ത്രി മോന്‍സ് ജോസഫ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. മുരളീധരൻ, സി.പി. ജോൺ എന്നിവർ പങ്കെടുത്തു.

പഴവങ്ങാടി തോടിന്റെ യഥാർഥ വീതി നിലനിര്‍ത്തി നിർമാണ പ്രവര്‍ത്തി നടപ്പാക്കാന്‍ റെയില്‍വെ ശ്രദ്ധിച്ചില്ല. ആമയിഴഞ്ചാന്‍ തോട്ടില്‍നിന്ന് മാലിന്യവും മണ്ണും നീക്കുന്നതിന് നഗരസഭാധികൃതര്‍ തോടിന്റെ പാര്‍ശ്വഭിത്തി പൊളിച്ചത് പുന:സ്ഥാപിക്കുന്നതിന് മുമ്പ് മഴ പെയ്തതിനാലാണ് കിഴക്കേകോട്ട ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആമയിഴഞ്ചാന്‍ തോട്ടിലും പാർവതി പുത്തനാറിലും മാലിന്യം നിക്ഷേപിക്കുന്നത് നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനും കാരണമായി. മാലിന്യനിര്‍മാർജന പ്രവര്‍ത്തനം നടപ്പാക്കാന്‍ കഴിയാതെ വന്നതിലൂടെ വെള്ളപ്പൊക്കം രൂക്ഷമായി.

റെയില്‍വെയുടെ ഭാഗത്തുള്‍പ്പെടെയുള്ള മാലിന്യം നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിമിതികള്‍ വകുപ്പ് സെക്രട്ടറി അറിയിച്ചു. നിയമസഭ ഇലക്ഷനോടനുബന്ധിച്ച് നഗരസഭയുടെ രാത്രികാല പട്രോളിങ്ങിലുണ്ടായ കുറവ് ഓടകളിലും മറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ഇടയാക്കി. തോടുകളുടെ വശങ്ങളില്‍ വളരുന്ന മരങ്ങളുടെ വേരുകള്‍ സംരക്ഷണ ഭിത്തി ഇടിയുന്നതിന് കാരണമായി. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് പ്രശ്നപരിഹാരത്തിനും തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും അടിയന്തിരമായി സ്വീകരിക്കാവുന്ന നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പുതിയ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാനും തീരുമാനിച്ചു.

നഗരത്തിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട് റെയില്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി മുഖാന്തരം ഡിവിഷനല്‍ റെയില്‍വേ മാനേജറുമായി ചര്‍ച്ച ചെയ്യുന്നതിന് ജലസേചന വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജലസേചന വകുപ്പിന് കീഴിലുള്ള തോടുകളുടെ മാലിന്യം നീക്കാനും അപകടകരമായി വളർന്നുനിൽക്കുന്ന മരങ്ങൾ, വേരുകള്‍, ചില്ലകള്‍ എന്നിവ വെട്ടി മാറ്റി നീരൊഴുക്ക് സുഗമമാക്കാനും നടപടി സ്വീകരിക്കാന്‍ നിർദേശം നല്‍കി. റോഡുകളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കുന്നതിന് എൻഫോഴ്സ്മെന്റ് ശക്തമാക്കുന്നതിനും തീരുമാനിച്ചു.

മാലിന്യ നിക്ഷേപം തടയുന്നതിന് കനാലുകളില്‍ ഫെന്‍സിങ് നടത്തി സംരക്ഷിക്കുന്നതിന് പുതിയ പ്രോജക്ട് ഉണ്ടാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. നഗരസഭയുടെ രാത്രികാല പട്രോളിങ് പുനരാരംഭിക്കുന്നതിന് തീരുമാനിച്ചു. പദ്ധതികളോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ മോനിറ്റർ ചെയ്യുന്നതിനായി കലക്ടർ കൺവീനറും ഇറിഗേഷൻ ചീഫ് എൻജിനീയര്‍ (മേജർ, മൈനർ) കോർപറേഷൻ സെക്രട്ടറി, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, വാട്ടർ അതോറിറ്റി ജോയിന്റ് എം.ഡി എന്നിവരടങ്ങിയ മോനിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍ സൂരജ് ഷാജി, തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോർജ്, വാട്ടര്‍ അതോറിറ്റി ജോയിന്റ് എം.ഡി ബിനു ഫ്രാന്‍സിസ്, തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറി കെ.യു. ബിനി, ഇറിഗേഷന്‍ ചീഫ് എൻജിനീയര്‍മാരായ പി. ശ്രീദേവി, ആർ. ഹരി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Waterlogging: Decision to implement new master plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.