തകർന്ന നടപ്പാതകളിലൊന്ന്

വിദ്യാർഥികൾക്കും കാൽനടക്കാർക്കും ഭീഷണിയായി തകർന്ന നടപ്പാതകൾ

ആറ്റിങ്ങൽ: തകർന്ന നടപ്പാതകൾ കാൽനടക്കാർക്ക് ഭീഷണി ആകുന്നു. നഗര മധ്യത്തിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം നടപ്പാതകൾ അപകടക്കെണിയായി മാറിയിട്ടുണ്ട്. സ്ലാബുകൾ തകർന്നതും ഓടയ്ക്കു മുകളിൽ വിരിച്ച കല്ലുകൾ ഇളകി മാറിയുമാണ് ഇവ ഭീഷണി ആയത്.

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ നഗരത്തിലേക്ക് പഠനത്തിന് എത്തുന്നത് പതിനായിരത്തിലേറെ വിദ്യാർഥികളാണ്. ഗവ.മോഡൽ വി.എച്ച്.എസ്.എസ്, ഗവ.ഗേൾസ് എച്ച്.എസ്.എസ്, ടൗൺ യു.പി.എസ്, ബി.ടി.എസ്, ഗവ. കോളജ്, ഗവ. പോളിടെക്നിക് കോളജ്, എൻജിനീയറിങ് കോളജ്, ഐ.ടി.ഐ തുടങ്ങിയ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിലേറെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരത്തിലുണ്ട്. ഈ വിദ്യാർഥികളെല്ലാം കടന്നുപോകേണ്ടത് അപകടം പതിയിരിക്കുന്ന നടപ്പാതകളിലൂടെയാണ്. കിഴക്കേ നാലു മുക്കിലെ നടപ്പാതയിൽ ടൈലുകൾ ഇളകി മാറി അപകടക്കെണിയായിട്ട് ഒരു വർഷത്തിലധികമായി.

ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ജങ്ഷൻ മുതൽ കച്ചേരി നട വരെയുള്ള ഭാഗത്ത് നിരവധി സ്ഥലങ്ങളിലാണ് നടപ്പാത ടൈലുകൾ ഇളകി കാൽനടക്കാർ തട്ടി വീഴുന്ന അവസ്ഥയിലുള്ളത്. ഓടയിലേക്ക് സ്വകാര്യസ്ഥാപനങ്ങൾക്ക് മലിനജലം ഒഴുക്കിവിടാനാകാത്ത വിധമാണ് നഗരത്തിൽ ദേശീയപാത പുനർനിർമിച്ചപ്പോൾ ഓട നിർമിച്ചത്. എന്നാൽ ചില കെട്ടിട ഉടമകളും വ്യാപാരസ്ഥാപനങ്ങളും മലിനജലം ഒഴുക്കി വിടുന്നതിന് ഓടയുടെ സ്ലാബുകളിൽ ദ്വാരങ്ങൾ സൃഷ്ടിച്ചു. ഇതോടെ സ്ലാബുകൾ തകർന്നു തുടങ്ങി. സ്ലാബുകളിൽ ചെറിയ തകർച്ച ഉണ്ടാകുമ്പോൾ തന്നെ അവക്കു മുകളിൽ പാകിയ ടൈലുകൾ ഇളകിമാറാനും തുടങ്ങി. ഇതാണ് നടപ്പാതകളിലെ അപകടക്കെണിക്ക് കാരണമാകുന്നത്. പ്രശ്നം പരിഹരിക്കാനോ ഇടപെടാനോ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് പരാതി.

Tags:    
News Summary - Damaged sidewalks posing a threat to students and pedestrians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.