സി.പി. ജോൺ
തിരുവനന്തപുരം: നഗരത്തിലെ ഓടകളിലും തോടുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സി.പി. ജോൺ. മാലിന്യം തള്ളുന്നവരോട് ഒരു ദാക്ഷിണ്യവുമുണ്ടാവില്ല. പിഴയടക്കം കടുത്ത നിയമനടപടി സ്വീകരിക്കും. മാലിന്യം തള്ളുന്നവർക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടി ഉണ്ടാകും. പൊലീസ് ജാഗ്രത പാലിക്കണമെന്നും പരിശോധന കർശനമാക്കണമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ സി.പി. ജോൺ നിർദേശം നൽകി. മഴയെ തുടർന്ന് കഴിഞ്ഞ ദിവസം നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലായിരുന്നു നിർദേശം.
വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ അതിനുണ്ടായ കാരണങ്ങൾ വിശദമായി മനസ്സിലാക്കി പരിഹരിക്കാൻ നടപടി സമയബന്ധിതമായി സ്വീകരിക്കും. വിവിധ വകുപ്പുകളുടെയും കോർപറേഷന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തും. ഇതിന്റെ ഭാഗമായി മഴക്കാല പൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ, വെള്ളക്കെട്ടിലേക്ക് നയിക്കാനിടയായ സാഹചര്യങ്ങൾ, വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഹൃസ്വ -ദീർഘകാലാടിസ്ഥാനത്തിൽ സ്വീകരിക്കാവുന്ന നടപടികൾ എന്നിവ വിശകലനം ചെയ്ത് മൂന്നുദിവസത്തിനകം കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ മേജർ ഇറിഗേഷൻ, കോർപ്പറേഷൻ അധികൃതർക്ക് മന്ത്രി നിർദേശം നൽകി.
തീരശോഷണം പരിഹരിക്കുന്നതിന് വലിയതുറ, ശംഖുംമുഖം ഭാഗങ്ങളിൽ ജിയോ ബാഗുകൾ നിരത്തുന്ന ജോലി പുരോഗമിച്ചു വരികയാണ്. തീരദേശവാസികളുടെ ആശങ്കകൾ അകറ്റാൻ എല്ലാ നടപടികളും സ്വീകരിക്കും. റോഡിലേക്ക് അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിൽ ചില അപാകതകൾ ശ്രദ്ധയിൽ പെട്ടതായി കലക്ടർ അനുകുമാരി അറിയിച്ചു. മറ്റ് അപകടങ്ങൾക്ക് സാധ്യത ഇല്ലാത്ത വിധത്തിൽ ചില്ലകൾ മുറിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.