തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് നിയമസഭയിൽ സർക്കാർ യഥാർഥ വിവരം മറച്ചുവെച്ചതായി സംശയം ബലപ്പെടുന്നു. സംഗമത്തിന് ദേവസ്വം ബോര്‍ഡ് മുൻകൂറായി നൽകിയ തുക തിരിച്ചുകിട്ടിയിട്ടില്ലെന്ന് കാട്ടി സ്പെഷൽ കമീഷണര്‍ സമർപ്പിച്ച റിപ്പോർട്ടാണ് ഈ സംശയം ശക്തമാക്കുന്നത്. സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ദേവസ്വത്തിന്‍റെ പണം തിരിച്ചടച്ചെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 28നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. എന്നാൽ ഓഡിറ്റ് വിവരങ്ങള്‍ അടക്കം പരാമര്‍ശിച്ച് സ്പെഷൽ കമീഷണര്‍ ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ ദേവസ്വം മുൻകൂറായി നൽകിയ രണ്ടു കോടി തിരിച്ചടച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
അതിനാൽ യഥാർഥ വിവരം മറച്ചുവെച്ചാണോ സർക്കാർ നിയമസഭയിൽ മറുപടി നൽകിയതെന്ന ചോദ്യമുയരുകയാണ്. സ്പെഷൽ കമീഷണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മന്ത്രിയുടെയും സര്‍ക്കാറിന്‍റെയും വാദം പൊളിഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്‍റെ കണക്കിൽ അടിമുടി ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സ്പെഷൽ കമീഷണറുടെ റിപ്പോര്‍ട്ട്.
ഭക്ഷണ കാര്യത്തിലുൾപ്പെടെ നിരവധി പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് ചെലവഴിച്ച തുകയുടെ ജി.എസ്. ടി ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കുന്ന കാര്യത്തിൽ വ്യക്തതയില്ല. ഹോട്ടൽ ബില്ലുകളിൽ പലതിലും ജി.എസ്.ടി നമ്പർ ഇല്ല.
അതിനാൽ ഇൻപുട്ട് ക്രെഡിറ്റ് ആയി കിട്ടേണ്ട തുക വാങ്ങാനാകില്ല. കലാപരിപാടികൾക്ക് എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ തുക ചെലവിട്ടു. വി.ഐ.പി മേഖലയിൽ ഭക്ഷണം വിളമ്പിയ ഇനത്തിലും കണക്കിൽപെടാത്ത തുക ചെലവഴിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.