തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 30 വാര്‍ഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് ജില്ലയ്ക്ക് അവധി നല്‍കുന്നതിന് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി അവലോകന യോഗത്തിൽ പറഞ്ഞു. ഉപ ഉത്സവങ്ങളില്‍ നിര്‍ബന്ധിത പിരിവ് പാടില്ല. ഉത്സവദിവസങ്ങളിൽ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിൽ അതീവ ശ്രദ്ധ വേണം. ദൂരദേശങ്ങളില്‍ നിന്ന് വിളക്കുകെട്ടുമായി വരുന്നവര്‍ ഗതാഗത തടസ്സം സൃഷ്ടിക്കരുത്. പരസ്യങ്ങൾ കോടതിയുടെ അനുമതി വാങ്ങി മാത്രം സ്ഥാപിക്കണം.
തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള ക്ഷാമം പരിഹരിക്കല്‍, ഓടകള്‍ വൃത്തിയാക്കല്‍, ടോയ്ലറ്റ് സംവിധാനങ്ങള്‍, മാലിന്യ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി.
കോര്പ്പറേഷന് പരിധിയിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും പൊങ്കാലയുടെ തലേദിവസം വെകിട്ട് ആറുമുതല്‍ മാർച്ച് 13ന് വൈകിട്ട് ആറുവരെ മദ്യനിരോധനം. ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് ഭരണാനുമതിക്കായി സര്‍ക്കാരിലേക്ക് നല്‍കേണ്ട എസ്റ്റിമേറ്റുകള്‍ എന്നിവ അടിയന്തരമായി നല്‍കണമെന്ന നിർദ്ദേശവും മന്ത്രി നൽകി. സബ് കളക്ടര്‍ ഒ.വി ആല്‍ഫ്രഡാണ് പൊങ്കാലയുടെ നോഡല്‍ ഓഫീസര്‍.
യോഗത്തിൽ മന്ത്രി ജി.ആര് അനില്‍, ജില്ല കളക്ടർ അനുകുമാരി, മേയര്‍ ആര്യ രാജേന്ദ്രന്, സിറ്റി പൊലീസ് കമിഷണര്‍ തോംസണ്‍ ജോസ്, സബ് കളക്ടര്‍ ഒ.വി ആല്‍ഫ്രഡ്, ആറ്റുകാൽ ട്രസ്റ്റ് ചെയർമാൻ എസ്. വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ, സെക്രട്ടറി കെ. ശരത്കുമാർ, ട്രഷറർ എ. ഗീതകുമാരി, വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി എ.എസ് അനുമോദ്, ജില്ല മെഡിക്കല്‍ ഓഫീസര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർമാർ, ആറ്റുകാൽ ട്രസ്റ്റ് ചെയർമാൻ എസ്. വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ, സെക്രട്ടറി കെ. ശരത്കുമാർ, ട്രഷറർ എ. ഗീതകുമാരി, വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി എ.എസ് അനുമോദ് തുടങ്ങിയവർ പങ്കെടുത്തു.
പൊങ്കാലയിൽ ഹരിത പ്രോട്ടോക്കോൾ പാലിക്കും
പെട്രോൾ പമ്പിന് സമീപം അടുപ്പുകൂട്ടുന്നത് ഭക്തർ ഒഴിവാക്കണം.
കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീര്‍ത്ഥാടകരെ ആറ്റുകാല്‍ എത്തിക്കും.
പൊങ്കാലയോടനുബന്ധിച്ച് മൂവായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ രണ്ട് ഘട്ടങ്ങളിലായി വിന്യസിക്കും
വിവിധയിടങ്ങളില്‍ പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തും
വഴിയോര കടകള്‍ റോഡില്‍ ഇറക്കി കച്ചവടം നടത്തുന്നത് നിയന്ത്രിക്കും
ക്ഷേത്ര പരിസരത്ത് കൊടിതോരണങ്ങളും മറ്റ് അനധികൃത പരസ്യങ്ങളും ഒഴിവാക്കും
ഫയർ ആൻഡ് റെസ്ക്യുവിന്റെ കണ്ട്രോള് റൂം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കും.
450 ജീവനക്കാര്‍, 30 ഫയര്‍ എന്‍ജിനുകൾ, ആറ് ആംബുലന്‍സ് എന്നിവ വിന്യസിപ്പിക്കും
രാവിലെ 7 മുതല്‍ രാത്രി 10വരെ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും
കുത്തിയോട്ട കുട്ടികള്‍ക്ക് 24 മണിക്കൂറും മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.