തിരുവനന്തപുരം: പൊലീസില്‍നിന്ന് വിരമിച്ചശേഷം മാസംതോറും കൃത്യമായി പെന്ഷന് വാങ്ങുന്ന ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ലെന്ന പൊലീസ് വാദം അംഗീകരിക്കില്ലെന്ന് കോടതി. ആര്.എസ്.എസ് നഗര്സേവ പ്രമുഖ് രാജഗോപാല്‍ ആശാരിയുടെ ജ്യേഷ്ഠന് മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാശാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സാക്ഷിയായി വിസ്തരിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥനാണിത്.
വിചാരണ നടക്കുമ്പോള്‍ പൊലീസിന്റെ ഭാഗത്ത്നിന്ന് ഇതുപോലുള്ള നിരുത്തരവാദപ്രവൃത്തികള് അനുവദനീയമല്ല. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്കി. ഏഴാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി പ്രസൂന്‍ മോഹനാണ് വിചാരണക്കിടെ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
സംഭവദിവസം ഗുരുതരമായി പരിക്കേറ്റ് കൊല്ലപ്പെട്ട അയ്യപ്പനാശാരിയെയും മറ്റുള്ളവരെയും ആശുപത്രിയിലെത്തിച്ചത് അന്ന് പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം.എസ്. തങ്കരാജായിരുന്നു. അയ്യപ്പനാശാരിയുടെ മരണത്തിന് ഇടയാക്കിയ മുറിവുണ്ടാക്കാന്‍ ഒന്നാം പ്രതി കടച്ചല് അനി ഉപയോഗിച്ച വാള് മുന്‍ ഫോറന്‍സിക് വിദഗ്ധ ഡോ. ശശികല കോടതിയില്‍ തിരിച്ചറിഞ്ഞു.
കേസില്‍ ദൃക്സാക്ഷിയായെത്തിയ ആര്.എസ്.എസ് പ്രവര്ത്തകന് കൂറുമാറി പ്രതികള്‍ക്കനുകൂലമായി മൊഴി നല്കി. രാജഗോപാലിന്റെ ഉറ്റസുഹൃത്തും ആറ്റുകാല്‍ സ്വദേശിയുമായ ഒാട്ടോഡ്രൈവര്‍ അയ്യപ്പനാണ് കൂറുമാറിയത്.
19 പ്രതികളുള്ള കേസില്‍ വിചാരണ ആരംഭിച്ചത് 19 വര്‍ഷത്തിന് ശേഷമാണ്. കൊല്ലപ്പെട്ട അയ്യപ്പന് ആശാരിയുടെ മറ്റൊരു സഹോദരന് സുബ്ബയ്യന്‍ ആശാരിയുടെ മകന് രാജേഷിനെ കോടതി വിസ്തരിച്ചു. പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റ രാജേഷ് സംഭത്തിന് ദൃക്സാക്ഷിയായിരുന്നു. കേസിലെ നിലവിലെ 16 പ്രതികളെയും അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു.
രാജഗോപാല്‍ ആശാരിയുടെ മകളും സംഭവസമയം 12 വയസ്സുകാരിയുമായിരുന്ന പ്രിയയും ആറ് പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു. പിതാവിനെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിനാണ് പ്രതികള്‍ തന്നെ വെട്ടിയതെന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന് സതീഷ് കോടതിയില്‍ മൊഴി നല്കി. സതീഷും പ്രതികളെയും അവര്‍ ഉപയോഗിച്ച ആയുധങ്ങളും തിരിച്ചറിഞ്ഞു.
2004ലെ തിരുവോണദിവസമാണ് അയ്യപ്പന് ആശാരി കൊല്ലപ്പെട്ടത്. ഓണാഘോഷവുമായി ബന്ധപ്പെട്ട അത്തപ്പൂക്കളത്തിന് പണം നല്‍കാതെ പൂക്കടയില്‍നിന്ന് പൂക്കള്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മണക്കാട് മാര്‍ക്കറ്റിന് സമീപം പൂക്കട നടത്തുന്ന രാജേന്ദ്രന്റെ കടയില്‍നിന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന് സതീഷും സുഹൃത്ത് സനൽ എന്ന സനൽകുമാറും പണം നല്‍കാതെ പൂക്കളെടുത്തു.
ഇത് ചോദ്യം ചെയ്ത് രാജേന്ദ്രന്റെ സുഹൃത്ത് മണക്കാട് ബലവാന്‍നഗര്‍ സ്വദേശി കടച്ചല് അനി എന്ന അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സതീഷിന്റെ വീട് ആക്രമിക്കുകയും ആര്.എസ്.എസ് നേതാവ് രാജഗോപാല്‍ ആശാരി, സഹോദരപുത്രന്മാരായ സതീഷ്, രാജേഷ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും രാജഗോപാല്‍ ആശാരിയുടെ സഹോദരന് അയ്യപ്പനാശാരി കൊല്ലപ്പെടുകയും ചെയ്തു.
കേസിലെ നിര്‍ണായക ദൃക്സാക്ഷിയും പരിക്കേറ്റയാളുമായ രാജഗോപാല്‍ ആശാരി രണ്ടുമാസം മുമ്പ് മരിച്ചു. മറ്റൊരു ദൃക്സാക്ഷിയായ അദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയും കഴിഞ്ഞമാസം മരിച്ചിരുന്നു.
കടച്ചല് അനിക്ക് പുറമെ കളിപ്പാന്‍കുളം കഞ്ഞിപ്പുര സ്വദേശികളായ സനോജ്, ഉപ്പ് സുനി എന്ന സുനില്‍കുമാര്‍, സഹോദരന് അനില്‍കുമാര്‍, മനോജ്, പ്രകാശ്, ശ്രീമൂലനഗര് ശ്യാംകുമാര്‍, വാറുവിളാകത്ത് ഗോവർധന് എന്ന സതീഷ് കുമാര്‍, രാജേഷ്, സന്തോഷ് എന്ന പ്രതീഷ്, ശ്രീമൂലനഗര് സനു എന്ന സനല്‍കുമാര്‍, കൊച്ചുമോന് എന്ന പ്രദീപ്, തോപ്പുവിളാകം സ്വദേശികളായ സന്തോഷ്.
സുരേഷ്, ബീഡി സന്തോഷ് എന്ന സന്തോഷ്, ഐരാണിമുട്ടം ചിറക്കുഴി പ്രദീപ്, കളിപ്പാന്‍കുളം ഉണ്ണി, മേടമുക്ക് കാര്ത്തികനഗര് ഇടതന് ബിജു എന്ന വിവേക്, ആറ്റുകാല്‍ എം.എസ്.കെ നഗര്‍ ലാലു എന്ന വിനോദ് എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍. ഇതില്‍ സുരേഷ്, പ്രകാശ്, സനോജ് എന്നീ പ്രതികൾ വിചാരണകാലത്തനിടെ മരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്, ദേവിക മധു, അഖില ലാല്‍ എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.