സമരവേദിയിൽ തുല്യതാ പഠനത്തിൽ മുഴുകിയിരിക്കുന്ന ആശ വർക്കർമാരായ തിരുവല്ലം എഫ്.എച്ച്.സിയിലെ ജെ. സുനിത, ബിന്ദു ഗോപാൽ, ടി. ബീന എന്നിവർ
തിരുവനന്തപുരം: സമരത്തീച്ചൂളയിലും തിരുവല്ലം എഫ്.എച്ച്.സിയിലെ ഏഴ് ആശ വർക്കർമാർ പഠനത്തിരക്കിലാണ്. പരീക്ഷയ്ക്കായി ഇനി ഒരു മാസം മാത്രമേ മുന്നിലുള്ളൂ. അതിനിടെ പാഠങ്ങൾ തീർക്കാനുള്ള തീവ്രശ്രമത്തിലാണ് ഏവരും. പഠിക്കാൻ പ്രായവും സമയവും ഒരു തടസമല്ലെന്ന് തങ്ങളുടെ ജീവിതത്തിലൂടെ തെളിയിച്ചവരാണ് ഇവർ. സെക്രട്ടേറിയറ്റിനു മുന്നിലെ ആശമാരുടെ സമരപ്പന്തൽ ഇവർക്കിപ്പോൾ പഠന കേന്ദ്രം കൂടിയാണ്.
ജൂലൈയിൽ നടക്കുന്ന പന്ത്രണ്ടാംതരം തുല്യതാപരീക്ഷയിൽ മികച്ച വിജയം നേടുകയാണ് ഏവരുടെയും ലക്ഷ്യം. തിരുവല്ലം എഫ്.എച്ച്.സിയിലെ ജെ.സുനിത, ബിന്ദു ഗോപാൽ, റ്റി. ബീന, ബേബി സുനിത, വി. ജയ, ടി. സുനിത, ജയന്തി എന്നിവരാണ് ജീവിത പ്രശ്നങ്ങൾ കാരണം പാതി വഴിയിൽ ഉപേക്ഷിച്ച പഠനം വീണ്ടും പൊടിതട്ടിയെടുത്തത്. ബിന്ദു ഗോപാൽ എന്ന ബിന്ദു പതിനാലാം വയസിൽ പത്താം ക്ലാസ് പാസായ ഉടനെ വിവാഹിതയായി. പതിനാറാമത്തെ വയസിൽ അമ്മയുമായി. സമപ്രായക്കാർ സ്കൂളിൽ പോകുന്നത് വിഷമത്തോടെ നോക്കി നിന്നു. പഠനം തുടരാൻ മോഹിച്ചെങ്കിലും സാഹചര്യം ഉണ്ടായില്ല. മുപ്പതാമത്തെ വയസിൽ ആശാവർക്കറായപ്പോഴും പഠിക്കണം എന്ന സ്വപ്നം കൈവിട്ടില്ല. നാൽപ്പത്തിയെട്ടാം വയസിൽ പന്ത്രണ്ടാം ക്ലാസിലേക്ക് പരീക്ഷ എഴുതി തന്റെ സ്വപ്നത്തിന്റെ ആദ്യ പടി ചവിട്ടാൻ ഒരുങ്ങുകയാണ് ബിന്ദു.
ആശ വർക്കറായതുകൊണ്ടുതന്നെ ഫീൽഡ് റിപ്പോർട്ടും ക്ലാസിലെ ഹോംവർക്കും കൂടെ ചേരുമ്പോൾ ഒരുപാട് എഴുതാനുണ്ടെങ്കിലും ഫീൽഡിൽ പോയി വന്നിട്ട് കിട്ടുന്ന സമയം ഇരുന്ന് പഠിക്കും. ആശ സമരം തുടങ്ങിയ ശേഷം സമരപ്പന്തലിൽ ഇരുന്ന് എഴുതാനും പഠിക്കാനും ഒരുപാട് സമയം കിട്ടുന്നുവെന്നതാണ് ആശ്വാസം. പന്ത്രണ്ടാം ക്ലാസ് പാസായിട്ട് പിന്നെ പഠിക്കുമോ എന്ന് ചോദിച്ചാൽ ''പിന്നല്ലാതെ..എനിക്ക് ഇംഗ്ലീഷ് ഭയങ്കര ഇഷ്ടമാ,ഞാൻ ഡിഗ്രിക്ക് അത് പഠിക്കും." എന്ന മറുപടിയാണ് ലഭിക്കുന്നത്. സുനിതയും ബിന്ദുവുമുൾപ്പെടെ എല്ലാവരും സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രശ്നങ്ങളും കാരണം ഇത്തരത്തിൽ പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ചതാണ്. പന്ത്രണ്ടാംതരം തുല്യത പരീക്ഷയുടെ ഫലം വന്നിട്ട് തുടർപഠനത്തെക്കുറിച്ച് ചിന്തിക്കാമെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.