ആനാട് സുനിത കൊലക്കേസ്; ഡി.എൻ.എ പരിശോധനക്കായി കുട്ടികളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു

തിരുവനന്തപുരം: കൊലപാതകം നടന്ന് ഒമ്പത് വർഷങ്ങൾക്കുശേഷം കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കുട്ടികളുടെ രക്തസാമ്പിളുകൾ കോടതി മുഖാന്തരം ശേഖരിച്ചു. ആനാട് വേങ്കവിള വേട്ടമ്പള്ളി സ്വദേശി സുനിതയെ ചുട്ടുകൊന്ന കേസിലെ സുപ്രധാന ശാസ്ത്രീയതെളിവായ ഡി.എന്‍.എ പരിശോധന ഫലത്തിന് സുനിതയുടെ മക്കളും കേസിലെ നിർണായക സാക്ഷികളുമായിരുന്ന ജോമോൾ, ജീനമോൾ എന്നിവരുടെ രക്തസാമ്പിളുകൾ കോടതിയുടെ മേൽനോട്ടത്തിൽ ശേഖരിച്ച് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്കയച്ചു.

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ അസി. സർജൻ ഡോ. ജോണി എസ്. പെരേരയാണ് കോടതി മുറിക്കുള്ളിൽ കുട്ടികളുടെ രക്തം ശേഖരിച്ചത്. സുപ്രധാന ശാസ്ത്രീയ തെളിവായ ഡി.എന്‍.എ പരിശോധന ഫലം കേസിൽ നിർണായകമാണ്. അന്വേഷണവേളയിൽ പൊലീസ് അത് ശേഖരിച്ചിരുന്നില്ല.

പൊലീസിന്റെ ഭാഗത്ത് വന്ന ഈ ഗുരുതര വീഴ്ച പരിഹരിക്കാൻ കൊല്ലപ്പെട്ട സുനിതയുടെ മക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ പരിശോധന നടത്താന്‍ ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണു പ്രോസിക്യൂഷന് നിർദേശം നല്‍കിയിരുന്നു.

നാലാമത് വിവാഹം കഴിക്കുന്നതിലൂടെ സ്ത്രീധനം ലഭിക്കാൻ പ്രതി ജോയ് ആന്റണി തന്റെ മൂന്നാംഭാര്യയായ സുനിതയെ 2013 ആഗസ്റ്റ് മൂന്നിന് മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്ന് മൂന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തളളിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. രണ്ടാഴ്ചകൾക്ക് ശേഷം സുനിതയുടെ ശരീര അവശിഷ്ടങ്ങൾ ഭർത്താവ് ജോയ് ആന്‍റണിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പൊലീസ് കണ്ടെടുത്തിരുന്നു.

കുറ്റപത്രം സമര്‍പ്പിച്ച അന്നത്തെ നെടുമങ്ങാട് സി.ഐ എസ്. സുരേഷ് കുമാര്‍, കൊല്ലപ്പെട്ടത് സുനിത തന്നെയെന്ന് സ്ഥാപിക്കുന്ന ഒരു ശാസ്ത്രീയതെളിവും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഈ ശാസ്ത്രീയ തെളിവ് ഇല്ലാത്തിടത്തോളം 'സുനിത ഇപ്പോഴും ജീവിച്ചിരിക്കുന്നു' എന്ന പ്രതിഭാഗം വാദം വിജയിക്കുമെന്ന് ബോധ്യമായി.

ഇതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കൊല്ലപ്പെട്ട സുനിതയുടെ ശരീര അവശിഷ്ടങ്ങള്‍ ഇപ്പോഴും ഫോറന്‍സിക് ലാബില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവ മക്കളുടെ ഡി.എന്‍.എയുമായി ഒത്ത് ചേരുമോ എന്ന് പരിശോധിക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടത്. പ്രതിഭാഗത്തിന്‍റെ ശക്തമായ എതിര്‍പ്പവഗണിച്ചാണ് കോടതിയുടെ നടപടി.

Tags:    
News Summary - Anad Sunitha murder case-Children's blood samples were collected for DNA test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.