തിരുവനന്തപുരം: ആല്‍ത്തറ വിനീഷ് വധക്കേസിലെ 19 സ്വതന്ത്ര സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനാല്‍ കേസിലെ 11 പ്രതികളെയും കോടതി വെറുതെ വിട്ടു. അഞ്ചാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സിജു ഷേഖാണ് പ്രതികളെ വിട്ടയച്ചത്. പ്രതികള്‍ക്ക് വിനീഷിന്റെ കൊലപാതകത്തിലുളള പങ്ക് തെളിയിക്കാനാകാത്തതിനാല്‍ പ്രതികളെ വെറുതെ വിടുന്നതായി കോടതി ഉത്തരവില്‍ പറയുന്നു. കേരളത്തലെ ആദ്യ വനിത ഗുണ്ടയായ ശോഭാ ജോണ്‍ അടക്കമുളള പ്രതികളെയാണ് സാക്ഷികളുടെ കൂട്ട കൂറുമാറ്റത്തെ തുടര്‍ന്ന് കോടതി വെറുതേ വിട്ടത്.
കേസിലെ മൂന്നാം പ്രതിയാണ് മുട്ടട കണ്ണാട്ടുമൂല ചെഷയര്‍ ഹോമിന് സമീപം താമസക്കാരിയായ ശോഭാ ജോണ്‍. ഇവര്‍ക്കു പുറമെ മരുതുംകുഴി തച്ചങ്കരി വീട്ടില്‍ കേപ്പന്‍ അനി എന്ന അനില്‍ കുമാര്‍, രവിശങ്കര്‍ ആശ്രമത്തിന് സമീപം താമസക്കാരനായ പൂക്കട രാജന് എന്ന രാജേന്ദ്രന്, ശ്രീവരാഹം ശാരദാലയത്തില്‍ ചന്ദ്രബോസ്, ചെഞ്ചേരി കുറുങ്കുളം ഭഗവതി ക്ഷേത്രത്തിന് സമീപം അപ്പു രതീഷ് എന്ന രതീഷ്, മുടവന്മുഗള് ചുളളമുക്ക് സജു. മരുതംകുഴി കൊല്ലാക്കുഴി പണയില്‍ സുരേഷ്, കരകുളം കാണിക്കല്‍ പുന്നകുന്ന് മൈത്രി നഗറില്‍ വിമല്‍, ശാസ്തമംഗലം കുറുപ്പ്സ് ലൈനില്‍ കൃഷ്ണകുമാര്‍, നേമം കുളക്കുടിയാര്കോണം ഗീതാഭവനില്‍ വിനോദ്, കാഞ്ഞിരംപാറ വി.കെ.പി നഗര്‍ സ്വദേശി രാധാകൃഷ്ണന് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കേപ്പന്‍ അനിയുടെ സഹോദരന് തമ്പാന് എന്ന ശ്രീകുമാറിനെ 2006 ഫെബ്രുവരി 27 ന് ശാസ്തമംഗലം ഹൈനസ് ബാറിന് മുന്നിലിട്ട് വിനീഷും കൂട്ടരും കൊലപ്പെടുത്തിയിരുന്നു.
പൂക്കടരാജന്റെ സഹോദരന് സന്തോഷ് കുമാറിനെയും 2008 ജൂലൈ 11ന് മരുതുംകുഴി ഭാഗത്തു വച്ച് വിനീഷും കൂട്ടരും കൊലപ്പെടുത്തിയിരുന്നു. തമ്പാനെ കൊലപ്പെടുത്തിയ കേസിലെ 11-ാം സാക്ഷിയായിരുന്നു ശോഭാ ജോണ്‍, കേപ്പന്‍ അനിയുടെ ബിസിനസ് പങ്കാളിയുമാണ് ശോഭ.
വിനീഷിന്റെ പങ്കാളികളും ഉറ്റ സുഹൃത്തുക്കളുമായ മരുതംകുഴി അമ്പിളി, ഡിങ്കന്, ബിനു, റിയാസ്, കണ്ണന് എന്നിവര്‍ക്കെതിരെ ശോഭ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിനല്‍കിയിരുന്നു. സന്തോഷ് വധക്കേസില്‍ ജയിലിലായിരുന്ന വിനീഷ്, അമ്പിളിയുടെ സഹായത്തോടെ പുറത്തിറങ്ങിയത് കേപ്പന്‍ അനിയെയും ശോഭ ജോണിനെയും കൊലപ്പെടുത്താനാണെന്ന് പ്രതികള്‍ ഭയന്നിരുന്നു. ഈ ഭയമാണ് പ്രതികളെ വിനീഷിന്റെ കൊലക്ക് പ്രേരിപ്പിച്ചത്.
2009 ജൂണ്‍ ഒന്നിന് രാവിലെ 11നാണ് വെളളയമ്പലം ആല്‍ത്തറ ജംഗ്ഷനു സമീപം വച്ച് വിനീഷിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു കൊലപാതകശ്രമക്കേസില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സി.ഐക്ക് മുന്നില്‍ ഹാജരായി പള്‍സര്‍ മോട്ടോര്‍ ബൈക്കില്‍ മടങ്ങിയ വിനീഷിനെയാണ് അപ്പു രതീഷ് ഓടിച്ചിരുന്ന ഇന്‍ഡിക്ക കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയത്. മറ്റൊരു വാഹനത്തില്‍ എത്തിയ വിനോദ് മുളകുപൊടി എറിയുകയും രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ അനിയും കൂട്ടുപ്രതികളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൃഷ്ണകുമാറാണ് മ്യൂസിയം സ്റ്റേഷന് മുതല്‍ വിനീഷിന്റെ ഓരോ നീക്കവും അപ്പപ്പോള്‍ പ്രതികളെ അറിയിച്ചിരുന്നത്. നാല് ദൃക്സാക്ഷികളില്‍ ഒരാള്‍ മരണപ്പെടുകയും മൂന്നു പേരും സംഭവം കണ്ടില്ലെന്ന് മൊഴി നല്‍കുകയും ആയുധങ്ങള്‍ തിരിച്ചറിയാതിരിക്കുകയും ചെയ്തു. വിനീഷിന്റെ കൂട്ടാളികളും ശോഭയുടെ സംഘാംഗങ്ങളും പരസ്പരം പ്രതികളായ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി പ്രതികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.