തിരുവനന്തപുരം: സമരത്തെ തുടർന്ന് നഷ്ടപ്പെട്ട സമയം നികത്താൻ ഇരട്ടി വേഗത്തിൽ വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാനുള്ള ശ്രമവുമായി അദാനി ഗ്രൂപ്. പുലിമുട്ട് നിർമാണം പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതിനായി കടലിലേക്ക് പ്രതിദിനം നിക്ഷേപിക്കുന്ന കല്ല് 30,000 ടൺ ആയി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിക്കെതിരായ സമരത്തിന് മുമ്പ് 12,000 ടൺ മുതൽ 15,000 ടൺ കല്ല് വരെയാണ് പ്രതിദിനം നിക്ഷേപിച്ചിരുന്നത്. വ്യാഴാഴ്ച 20 ലോഡ് നിർമാണ സാമഗ്രി പദ്ധതി സ്ഥലത്ത് എത്തിച്ചു. കൊല്ലത്തും തിരുവനന്തപുരത്തുമായി നിർത്തിയിട്ടിരുന്ന ബാർജുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നുണ്ട്.
പദ്ധതിക്കായി 2.9 കിലോമീറ്റർ നീളത്തിലാണു പുലിമുട്ട് വേണ്ടത്. ഇതിൽ 1.4 കിലോമീറ്റർ നിർമാണം മാത്രമാണ് പൂർത്തിയായത്. ബെർത്ത് നിർമാണത്തിനായുള്ള പൈലിങ് പൂർത്തിയായി. ആകെ വേണ്ട 1.7 കി.മീ അപ്രോച്ച് റോഡിൽ 600 മീറ്റർ മാത്രമാണ് നിർമിച്ചത്.
കടൽ നികത്തിയെടുക്കേണ്ടതിന്റെ 60 ശതമാനവും പൂർത്തിയായിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അടുത്ത ഓണക്കാലത്ത് വിഴിഞ്ഞത്ത് കപ്പലടുപ്പിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. അതിനനുസരിച്ചാണ് നിർമാണ പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിച്ചത്. 113 ദിവസത്തെ സമരം തുറമുഖ നിർമാണത്തെ സാരമായി ബാധിച്ചെന്നാണു സർക്കാർ വിലയിരുത്തൽ.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ ലത്തീൻ സഭ സമരം പിൻവലിച്ചതിനെ തുടർന്ന് മുല്ലൂർ തുറമുഖ കവാടത്തിലെ സമരപ്പന്തൽ സമരസമിതി പൊളിച്ചുനീക്കിയതോടെയാണ് നിർമാണ സാമഗ്രികളുമായി ലോറികൾ എത്തിത്തുടങ്ങിയത്. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 168 കേസുകളിൽ ഉടൻ അറസ്റ്റും നടപടികളുമുണ്ടായേക്കില്ല. സമരം മൂലമുണ്ടായ 226 കോടി രൂപയുടെ നഷ്ടം അതിരൂപതയിൽനിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറിയേക്കുമെന്നും വിവരമുണ്ട്.
തുറമുഖ നിർമാണത്തിനുള്ള സമയപരിധിയും സർക്കാറിന് നീട്ടി നൽകേണ്ടിവരും. കാലപരിധി തീർന്ന സാഹചര്യത്തിൽ അദാനി ഗ്രൂപ്പിൽനിന്ന് ആർബിട്രേഷൻ ഇനത്തിൽ നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രമവും സർക്കാർ ഉപേക്ഷിച്ചേക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.