തിരുവനന്തപുരം: യുദ്ധമുഖങ്ങളിലും സൈനികാഭ്യാസവേളകളിലും മാത്രം പറന്നിറങ്ങുന്ന ബ്രിട്ടീഷ് വ്യോമസേനയുടെ അറ്റ്ലസ് എ 400 യുദ്ധവിമാനത്തിന് അപൂർവ നിയോഗമായിരുന്നു ഇന്നലെ. സംയുക്ത സൈനികാഭ്യാസമുള്ളപ്പോൾ മാത്രം കാണാൻ സാധിക്കുന്ന വിമാനമാണ് പ്രത്യേക സാഹചര്യത്തിൽ തിരുവനന്തപുരത്തെത്തിയത്. പരിശീലനപ്പറക്കലിനിടെ തിരുവനന്തപുരത്ത് കുടുങ്ങിയ പോർവിമാനം എഫ് 35 ബിയുടെ രക്ഷാദൗത്യമായിരുന്നു ലക്ഷ്യം.
ഉച്ചക്ക് 12.40 ഓടെയായായിരുന്നു ലാൻഡിങ്. അതും രാജകീയമായി. ആവശ്യമായ മുന്നൊരുക്കങ്ങളെല്ലാം നേരത്തെ തന്നെ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. റൺവേയുടെ നേർ പകുതി പോലും വേണ്ടിയിരുന്നില്ല പോർവിമാനത്തിന്റെ ലാൻഡിങ്ങിന്. എയർലിഫ്റ്റ് ദൗത്യങ്ങൾക്കായി രൂപകൽപന ചെയ്ത വിമാനത്തിന് നാല് എഞ്ചിനുകളാണ്. അതുകൊണ്ട് തന്നെ നാല് പ്രൊപ്പല്ലറുകളും. ഇവ ഒരേ സമയം കറങ്ങി വിമാനം പറന്നിറങ്ങിയ കാഴ്ചയും മനോഹരം.
അറ്റകുറ്റപ്പണികൾക്കുള്ള സാധാനസാമഗ്രികളെല്ലാം ഭദ്രമായി ഇറക്കി, വൈകിട്ടോടെയായിരുന്നു വിമാനത്തിന്റെ മടക്കം. എഞ്ചിനിയർമാരടങ്ങുന്ന സംഘത്തെയിറക്കി തിരികെ പറക്കുന്നതിനിടെ ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന ചാനൽ കാമറകളെ നോക്കി കൈവീശാനും സംഘാംഗങ്ങൾ മറന്നില്ല.
ട്രാൻസാൾ സി-160, ലോക്ക്ഹീഡ് സി-130 ഹെർക്കുലീസ് പോലുള്ള പഴയ വിമാനങ്ങൾക്ക് പകരമായാണ് അമേരിക്കൻ കമ്പനി അറ്റ്ലസ് എ 400 വികസിപ്പിച്ചത്. 37 ടൺ വരെ കാർഗോ വഹിക്കാൻ ശേഷിയുണ്ട്. ഇടുങ്ങിയ എയർസ്ട്രിപ്പുകളിൽ പ്രവർത്തിക്കാനും ആകാശത്ത് നിലയുറപ്പിച്ച് ഇന്ധനം നിറയ്ക്കലുമടക്കമാണ് സൗകര്യങ്ങൾ.
മറ്റ് വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും ഇന്ധനം നിറയ്ക്കുന്നതിനായി വ്യോമ ടാങ്കറായും ഈ വിമാനത്തെ മാറ്റാനാകും. സാധാരണ വേഗത മണിക്കൂറിൽ 555 കിലോമീറ്ററാണ്. പരമാവധി വേഗത മണിക്കൂറിൽ 780 കിലോമീറ്ററും. 116 സൈനികരെയും അനുബന്ധ ഉപകരണങ്ങളെയും ഉൾക്കൊള്ളാൻ ശേഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.