കേരളം ചുട്ടുപൊള്ളുകയാണ്. രക്ഷ നേടാനായി തണലും ജലാശയങ്ങളും തേടി അലയുകയാണ് പക്ഷികളും.
വേളി കടൽത്തീരത്തിന് സമീപത്തെ ജലാശയത്തിൽനിന്നുള്ള ദൃശ്യം -വൈ.ആർ. വിപിൻദാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിലെത്തിനിൽക്കെ എല്ലാ ഡാമുകളിലുമായുള്ളത് മൊത്തം സംഭരണ ശേഷിയുടെ 36 ശതമാനം വെള്ളം. ജൂൺ ഒന്നുമുതൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ കെ.എസ്.ഇ.ബി. അതുവരെ വൈദ്യുതി വിതരണത്തിൽ പ്രതിസന്ധി ഉണ്ടാകില്ലെന്നും കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. 1,489 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമുകളിൽ അവശേഷിക്കുന്നത്. അതിന്റെ 15 ശതമാനത്തോളം വെള്ളം ജൂൺ ഒന്നിന് ശേഷമുള്ള ഉപയോഗത്തിനായി കരുതിവെക്കും. ബാക്കി വെള്ളം ഉപയോഗിച്ചാണ് ജൂൺ ഒന്നുവരെയുള്ള ഉൽപാദനം നടത്തുക.
സംസ്ഥാനത്ത് നിലവിൽ മൊത്തം ആവശ്യത്തിന്റെ 25 ശതമാനം വൈദ്യുതിയാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നത്. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിലെത്തിയ (106.25 ദശലക്ഷം യൂനിറ്റ്) വിഷുത്തലേന്ന് ആഭ്യന്തരമായി ഉൽപാദിപ്പിച്ചത് 24.75 ദശലക്ഷം യൂനിറ്റ് മാത്രമാണ്. 81.05 ശതമാനവും പുറത്തുനിന്ന് എത്തിക്കുകയായിരുന്നു. 10 ദിവസത്തിനകം വേനൽ മഴ എത്തുമെന്നും അതോടെ ചൂട് കുറയുമെന്നും വൈദ്യുതി ഉപയോഗത്തിൽ കുറവ് വരുമെന്നുമൊണ് കെ.എസ്.ഇ.ബി കണക്കുകൂട്ടുന്നത്. അതോടെ ഡാമുകളിലെ ജലനിരപ്പും ഉയർന്നേക്കും.
കേന്ദ്ര വൈദ്യുതി വിഹിതമായി ലഭിക്കുന്ന 48.2 ദശലക്ഷം യൂനിറ്റും കരാറുകളനുസരിച്ച് ലഭിക്കുന്നതും പവർ എക്സ്ചേഞ്ചുകളിൽനിന്ന് എത്തിക്കുന്നതും ഉപയോഗിച്ചാണ് നിലവിൽ ഉപഭോഗം വർധിച്ചിട്ടും പ്രതിസന്ധിയില്ലാതെ കെ.എസ്.ഇ.ബി മുന്നോട്ടുപോകുന്നത്. രാത്രി 10.30 നും 11.30 നും ഇടയിലാണ് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതൽ. ഈസമയം വടക്കേ ഇന്ത്യയിലെ എക്സ്ചേഞ്ചുകളിൽനിന്നാണ് വൈദ്യുതി എത്തിക്കുന്നത്. അത് ഭൂരിഭാഗവും ബാർട്ടർ സിസ്റ്റത്തിലാണ് വാങ്ങുന്നത്. ഇപ്പോൾ വാങ്ങുന്ന വൈദ്യുതി ജൂൺ - ജൂലൈ മാസങ്ങളിലായി അവർക്ക് മടക്കി നൽകുമെന്നും അതിനാൽ സാമ്പത്തിക ചെലവ് ഉണ്ടാകില്ലെന്നും കെ.എസ്.ഇ.ബി അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.