മതിപ്പുറത്ത്​ 320 ഭവനങ്ങളുടെ താക്കോൽ കൈമാറി

തിരുവനന്തപുരം: നഗരസഭ രാജീവ് ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞം മതിപ്പുറം പട്ടാണി കോളനിയിൽ പൂർത്തീകരിച്ച ഭവനസമുച്ചയത്തിന്‍റെ ഉദ്ഘാടനവും താക്കോൽ കൈമാറലും മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടമായി പൂർത്തീകരിച്ച 320 കുടുംബങ്ങൾക്കുള്ള ഭവനസമുച്ചയമാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ നാല്​ ഘട്ടങ്ങളിലായി ആകെ 1032 കുടുംബങ്ങൾക്കാണ് വീടുകളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങുന്നത്. ഒന്നാംഘട്ടത്തിൽ 222 വീടുകളുടെ നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറിയിരുന്നു. രണ്ടാംഘട്ടത്തിൽ പൂർത്തീകരിച്ച ഭവനങ്ങളുടെ കൈമാറ്റമാണ് ഇപ്പോൾ നടന്നത്. അടുത്തഘട്ടം നിർമാണ പ്രവർത്തനങ്ങൾ വേഗം ആരംഭിക്കാന്‍ കഴിയുമെന്ന് മേയർ അറിയിച്ചു. മത്സ്യത്തൊഴിലാളികളടക്കം ഭവനരഹിതരുടെ പുനരധിവാസമാണ് പദ്ധതിയുടെ ഭാഗമായി നടക്കുന്നത്. ഭവനസമുച്ചയത്തോടൊപ്പം അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മന്ത്രി എം.വി. ഗോവിന്ദന്‍ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, അഡ്വ. ആന്‍റണി രാജു, സജി ചെറിയാന്‍, അഡ്വ. ജി.ആർ. അനിൽ, ഡോ. ശശി തരൂർ എം.പി, അഡ്വ. എം. വിന്‍സെന്‍റ് എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി. മേയർ ആര്യ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷന്മാരും കൗൺസിലർമാരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.