നിയമസഭാ മാധ്യമ അവാര്‍ഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2021ലെ നിയമസഭ മാധ്യമ അവാര്‍ഡുകൾ സ്പീക്കർ എം.ബി. രാജേഷ്​ പ്രഖ്യാപിച്ചു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ സൃഷ്ടികള്‍ക്കായി ആര്‍. ശങ്കരനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡിന്​ അച്ചടിവിഭാഗത്തിൽ ദിനേശ് വര്‍മയും ('ഭാഷയെ പുതുക്കുന്ന സോഷ്യല്‍ മീഡിയ'- ദേശാഭിമാനി വാരിക) ദൃശ്യമാധ്യമ വിഭാഗത്തിൽ സി. അനൂപും ('എന്റെ മലയാളം'-ഏഷ്യാനെറ്റ് ന്യൂസ്​) അർഹരായി. പൊതുസമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ സൃഷ്ടികള്‍ക്കായി ഇ.കെ. നായനാര്‍ നിയമസഭ മാധ്യമ അവാര്‍ഡ് അച്ചടി വിഭാഗത്തിൽ വി.പി. നിസാര്‍(സ്വര്‍ഗം തേടി നരകം വരിച്ചവര്‍-മംഗളം), ദൃശ്യമാധ്യമ വിഭാഗത്തിൽ കെ. രാജേന്ദ്രന്‍ (അടിമത്തത്തിന്റെ രണ്ടാം വരവ് -കൈരളി ടി.വി) എന്നിവർക്കാണ്​. നിയമസഭാനടപടികളുടെ മികച്ച റിപ്പോര്‍ട്ടിങ്ങിന് ജി. കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമഅവാര്‍ഡ് അച്ചടി വിഭാഗത്തിൽ എം.ബി. സന്തോഷ് (നിയമസഭയും സഭാടി.വിയും- മെട്രോ വാര്‍ത്ത) അർഹനായി. ദൃശ്യമാധ്യമ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായ എന്‍ട്രികളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. കെ. ജയകുമാര്‍ അധ്യക്ഷനായ ജൂറിയാണ്​ അവാർഡ്​ നിർണയം നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.