നിറങ്ങൾ പാറിക്കളിക്കുന്ന വിപണിക്കാലം വീണ്ടും കോവിഡിന്റെ പ്രതിസന്ധിയിൽ അകപ്പെട്ട വ്യാപാരമേഖലയെ കൈപിടിച്ചുയർത്തി പെരുന്നാൾ വിപണി. കോവിഡ് നിയന്ത്രണങ്ങളിൽ ഏറെ നഷ്ടമുണ്ടായ വസ്ത്രവ്യാപാരികൾ സീസണ് കച്ചവടത്തിൽ തിരിച്ചുവരവിന്റെ ആശ്വാസത്തിലാണ്. മാസങ്ങൾ അടഞ്ഞുകിടക്കേണ്ടിവരുകയും തുടർച്ചയായി രണ്ടുവർഷം പ്രധാന സീസണ് കച്ചവടങ്ങള്‍ നഷ്ടമാവുകയും ചെയ്തതോടെ പലര്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ആളുകൾ കൂട്ടത്തോടെ വസ്ത്രങ്ങൾ വാങ്ങാനായി നഗരത്തിൽ എത്തിത്തുടങ്ങി. വിഷു, പെരുന്നാൾ വിപണിയിലേക്കായി ഫെബ്രുവരി അവസാനംതന്നെ സാധനങ്ങൾ കടയിലേക്ക് എത്തിച്ചിട്ടുണ്ട്. പെരുന്നാളിനു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നഗരങ്ങളിലെ വിപണികളിൽ തിരക്കായി. നോമ്പുതുറന്ന് പ്രാർഥനക്കുശേഷം വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങാനായി കുടുംബസമേതം എത്തുന്നവരുടെ എണ്ണം വർധിക്കുന്നത് വ്യാപാരികൾക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. വസ്ത്രം, ചെരിപ്പ്, ഫാന്‍സി, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം രണ്ടുവര്‍ഷമായി നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ് നിരത്താനുള്ളത്. ഇത്തവണ വലിയ സ്വപ്നങ്ങള്‍ കണ്ടാണ് പലരും സീസണ് കച്ചവടത്തിനായി സ്റ്റോക്ക് എത്തിച്ചിരിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റംകൊണ്ട് ചില വസ്ത്രങ്ങൾക്ക് ചെറിയ രീതിയിൽ വില വർധിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമിടയിൽ വിദേശ മാതൃകകൾക്കാണ് ആവശ്യക്കാരേറെ. മുൻവർഷങ്ങളെ അപേക്ഷിച്ച് വസ്ത്രങ്ങൾക്ക് വിലക്കുറവാണെന്ന് വ്യാപാരികൾ പറയുന്നു. സാമ്പത്തിക മാന്ദ്യം ഏറെയുണ്ടെങ്കിലും സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള വസ്ത്രങ്ങൾ വിപണിയിൽ യഥേഷ്ടമുണ്ട്. അതിനാൽ പെരുന്നാൾ വിപണിയിൽ മുൻവർഷത്തെ അപേക്ഷിച്ച് പൊടിപാറിയ കച്ചവടമാണിപ്പോൾ. വളരെ സന്തോഷത്തോടുകൂടിയാണ് ആഘോഷ രാവുകളെ സ്വീകരിക്കുന്നത്. ---------------------------------------------------- മന്ത്രിസഭാ വാർഷികാഘോഷത്തിൽ ആഘോഷരാവുകൾ ചെറിയ പെരുന്നാൾ ആഘോഷത്തിലേക്ക് വിപണിയെ സജീവമാക്കി ആശ്രാമം മൈതാനത്ത് പ്രദർശന-വിപണന മേള. സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ആശ്രാമം മൈതാനത്ത് ആഘോഷ പരിപാടികൾ തുടങ്ങിയത്. മേയ് ഒന്നു വരെ നീളും. സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില് അണിനിരത്തി വിജ്ഞാന-വിനോദപ്രദമായ കാഴ്ചകളും ഒരുക്കിയുള്ള ആഘോഷ പരിപാടികൾ കാണികളുടെ വലിയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുന്നു. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശന-വിപണന മേള. സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും സേവനങ്ങളും 62 തീം സ്റ്റാളുകളില്‍ അവതരിപ്പിക്കുന്നു. 103 കമേഴ്സ്യല്‍ സ്റ്റാളുകളില്‍ വിവിധ വകുപ്പുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഉൽപന്ന പ്രദര്‍ശനവും ന്യായവിലയ്ക്കുള്ള വില്പനയും തുടങ്ങി. സര്‍വിസ് സ്റ്റാളുകള്‍ വഴി തത്സമയ ചികിത്സ, ഐ.ടി സേവനങ്ങള്‍ എന്നിവയും ലഭ്യമാണ്. കൃഷി, മൃഗസംരക്ഷണ വകുപ്പുകളുടെ പ്രത്യേക പ്രദര്‍ശനവുമുണ്ട്. അഞ്ചു ജില്ലകളില്‍ നിന്നുള്ള വേറിട്ട രുചികളുമായി കുടുംബശ്രീ നേതൃത്വം നല്കുന്ന ഫുഡ് കോര്‍ട്ടും ആകർഷകമാണ്. ആയിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സ്ഥിരംവേദിയില്‍ ദിവസവും വൈകീട്ട് വ്യത്യസ്ത കലാപരിപാടികള്‍ അരങ്ങേറും. വ്യാഴാഴ്ച രാവിലെ 11ന് ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്കും-വനാമി ചെമ്മീന്‍കൃഷിയും, വൈകീട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അധികാരവികേന്ദ്രീകരണം കാല് നൂറ്റാണ്ട് പിന്നിടുമ്പോള്‍ സെമിനാർ. വൈകീട്ട് അഞ്ചിന് ചിറക്കര സലിം കുമാറിന്റെ കഥാപ്രസംഗം, 6.30 ന് പ്രസീദയുടെ നേതൃത്വത്തില്‍ നാടന്‍പാട്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കുടുംബശ്രീ കലാസംഘത്തിന്റെ വ്യത്യസ്ത പരിപാടികള്‍. ശനിയാഴ്ച വൈകീട്ട് 6.30 ന് ഇരട്ട ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോർജിൻെറ വയലിന് ഫ്യൂഷന്‍. ഞായറാഴ്ച വൈകീട്ട് 6.30ന് ഉണ്ണിമേനോന് നയിക്കുന്ന സംഗീത പരിപാടി - നൊസ്റ്റാള്‍ജിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.