തിരുവനന്തപുരം: കേരളത്തിലെ ഐ.ടി ഗവേഷണ-വികസന പദ്ധതികൾക്ക് പുതുവേഗം പകർന്ന് കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ഒമ്പത് നിലകളിലായി 2.17 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടസമുച്ചയം വ്യവസായമന്ത്രി പി. രാജീവ് ടാറ്റ എലക്സിക്ക് കൈമാറി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വ്യവസായവകുപ്പിന് കീഴിൽ ഒപ്പുവെച്ച ആദ്യ ധാരണപത്രമാണ് ഇതിലൂടെ യാഥാർഥ്യമായത്. ധാരണപത്രം ഒപ്പുവെച്ച് 10 മാസം കൊണ്ട് ലോകത്തിലെതന്നെ പ്രമുഖ ഡിസൈൻ, ടെക്നോളജി, സേവനദാതാക്കളായ ടാറ്റ എലക്സി ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാം ഒരുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച കിൻഫ്രയുടെ മുഴുവൻ സംഘാഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ടാറ്റ എലക്സിയുടെ പുതിയ സംരംഭം. 75 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയിലൂടെ 2500 പേർക്ക് നേരിട്ടും 1500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 6000 തൊഴിലവസരങ്ങൾ ടാറ്റ എലക്സി വിപുലീകരണത്തിലൂടെ സൃഷ്ടിക്കപ്പെടും. ഐ.ടി, ഐ.ടി അധിഷ്ഠിത സ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിപ്പിക്കാൻ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൽകുന്ന കെട്ടിടം 'ഗ്രീൻ ബിൽഡിങ്' എന്ന നൂതനാശയം അടിസ്ഥാനപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നത്. എല്ലാ ജില്ലയിലും സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമാണം എത്രയും പെട്ടെന്ന് ആരംഭിക്കും. രണ്ടുമാസത്തിനകം എല്ലാ ജില്ലയിലും ചുരുങ്ങിയത് ഒരു സ്വകാര്യ വ്യവസായ പാർക്കിനെങ്കിലും തറക്കല്ലിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ടാറ്റ എലക്സി ചീഫ് ഓപറേറ്റിങ് ഓഫിസർ തങ്കരാജൻ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല ഐ.എ.എസ്, മുഹമ്മദ് ഹനീഷ് ഐ.എ.എസ്, കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്ക് ചെയർമാൻ ജോർജ്കുട്ടി അഗസ്റ്റി, ടാറ്റ എലക്സി സീനിയർ വൈസ് പ്രസിഡന്‍റ് (ബിസിനസ് ഫിനാൻസ്) വസന്ത് ഷാ, കിൻഫ്ര ജനറൽ മാനേജർ (പ്രൊജക്റ്റ്സ്), ഡോ. ടി ഉണ്ണികൃഷ്ണൻ, കോർപറേഷൻ കൗൺസിലർ എം. ബിനു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.