തിരുവനന്തപുരം: ഡോ. ബി.ആർ. അംബേദ്കർ ജന്മവാർഷികദിനാചരണ ഭാഗമായി നിയമസഭ സമുച്ചയത്തിലെ അംബേദ്കർ പ്രതിമയിൽ മന്ത്രിമാരും എം.എൽ.എമാരും പുഷ്പാർച്ചന നടത്തി. മനസ്സിലെ ജാതിക്കറ മാറ്റാൻ സാമൂഹികവിപ്ലവം അനിവാര്യമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെ പേരിൽ അടിച്ചമർത്തപ്പെട്ടവരെ അവകാശബോധമുള്ളവരാക്കുകയാണ് അംബേദ്കർ ചെയ്തത്. ചാതുർവർണ്യത്തിൽ അധിഷ്ഠിതമാക്കി ജാതിവ്യവസ്ഥയെ കൂടുതൽ തീവ്രമാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഒപ്പം ഭരണഘടനാമൂല്യങ്ങൾ അട്ടിമറിക്കാനും ശ്രമിക്കുന്നു. ഇത്തരം നീക്കങ്ങളെ ചെറുക്കാനുള്ള കരുത്ത് അംബേദ്കറിന്‍റെ സ്മരണ നമുക്കേകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും പുഷ്പാർച്ചന നടത്തി. വർഗീയ ഫാഷിസ്റ്റ് രാഷ്ട്രീയവും നവലിബറൽ മുതലാളിത്ത നയങ്ങളും ഭരണഘടനാമൂല്യങ്ങളുടെ കടക്കൽ കത്തിെവക്കുന്ന കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള അംബേദ്കറുടെ ആശയങ്ങളുടെ പ്രസക്തി വർധിച്ചിരിക്കുന്നുവെന്ന് ജയന്തിസന്ദേശമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ജാതി ചൂഷണങ്ങളും അസമത്വങ്ങളും ഇല്ലാത്ത ലോകത്തിനായി മനുഷ്യർ പോരാടുന്ന കാലത്തോളം അംബേദ്കർ വിസ്മൃതിയിലാണ്ടുപോകാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.