ശ്യാമൾ മണ്ഡൽ വധം: രണ്ടാം പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഇന്ന്​

തിരുവനന്തപുരം: അന്തമാൻ സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി ശ്യാമൾ മണ്ഡലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി മുഹമ്മദ് അലി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. ക്രിമിനൽ ഗുഢാലോചന നടത്തിയുള്ള കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി കെ. സനിൽ കുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നേപ്പാൾ സ്വദേശി ദുർഗ് ബഹദുർ ഭട്ട് ഛേത്രി എന്ന ഭീപക്, ശ്യാമൾ മണ്ഡലിന്‍റെ കുടുംബസുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് കേസിലെ പ്രതികൾ. ഒന്നാം പ്രതി ഒളിവിലാണ്. മകനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടിരുന്നതായും 15 വർഷം മുമ്പ് നടന്ന കാര്യങ്ങൾ ഇന്നും പേടിസ്വപ്നം പോലെയാണ് ഓർക്കുന്നതെന്നും ശ്യാമളിന്‍റെ പിതാവ്​ വാസുദേവ് മണ്ഡൽ കോടതിയിൽ മൊഴി നൽകിയിരുന്നു. വാസുദേവ് പ്രതിയെ തിരിച്ചറിയുകയും ചെയ്‌തു. 2005 ഒക്ടോബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ബി.ടെക്​ പഠിക്കാനാണ് ശ്യാമൾ കേരളത്തിൽ എത്തിയത്. വാസുദേവ് മണ്ഡൽ അന്തമാനിലെ സർക്കാർ സ്കൂൾ ജീവനക്കാരനും ധനികനായ വ്യവസായിയുമായിരുന്നു. 2005 ഒക്ടോബർ 13ന്​ കിഴക്കേകോട്ടയിൽനിന്നാണ്​ ശ്യാമളിനെ കാണാതായത്. അന്തമാനിലെ നവോദയ സ്കൂളിൽ ജൂനിയറായി പഠിച്ച അലോക് ബിസ്വാസ്‌ എന്ന് പറഞ്ഞ് ഒരു ഫോൺ കാൾ ശ്യാമളിന് വന്നിരുന്നു. സുഹൃത്തിനെ കാണാനാണ് സഹപാഠിയായ ദിഗംബരനുമൊത്ത് ശ്യാമൾ പോയത്. രണ്ടു​ ദിവസമായിട്ടും ശ്യാമളിനെ കാണാത്തതിനാൽ സഹപാഠി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. മകനെ വിട്ടുകിട്ടാൻ 20 ലക്ഷം രൂപ നൽകമെന്നാവശ്യപ്പെട്ട്​ നാലു​ ദിവസം കഴിഞ്ഞ് വാസുദേവിനു ​ഫോൺ വന്നു. കഴിയില്ലെന്ന് പറഞ്ഞപ്പോൾ 10​ ലക്ഷം രൂപ എച്ച്.ഡി.എഫ്.സി ബാങ്കിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം പൊലീസിൽ അറിയിച്ചു. 2005 ഒക്ടോബർ 23ന് ശ്യാമൾ മണ്ഡലിന്‍റെ മൃതദേഹം കഴുത്തറുത്ത് ചാക്കിൽ കെട്ടിയ നിലയിൽ തിരുവല്ലം ബൈപാസിന് സമീപം വെള്ളാറിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി. ശ്യാമളിന്‍റെ സുഹൃത്തുകളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ്​ അന്വേഷണം. അന്വേഷണം തൃപ്തികരമല്ലെന്ന പിതാവിന്‍റെ പരാതിയെ തുടർന്ന് 2006ൽ കേസ്​ ക്രൈംബ്രാഞ്ചിന് കൈമാറി. ഈ അന്വേഷണം അട്ടിമറിക്കുമെന്നു കാണിച്ചു വാസുദേവ്​ ഹൈകോടതിയെ സമീപിച്ചു. 2008 ഡിസംബർ 10ന് സി.ബി.ഐ കേസ് അ​േന്വഷണം ഏറ്റെടുത്തു. ആ അന്വേഷണത്തിലാണ്​ പ്രതികൾ പിടിയിലായത്​. muhammadali ശ്യാമൾ മണ്ഡൽ കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി മുഹമ്മദലിയെ സി.ബി.ഐ കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.