സി.പി.എം പാർട്ടി കോൺഗ്രസിൽ ശ്രദ്ധകേന്ദ്രീകരിച്ച്​ സംസ്ഥാന കോൺഗ്രസും

*മതേതരപാർട്ടികളുടെ ഐക്യം സംബന്ധിച്ച സി.പി.എം കേരള നേതാക്കളുടെ നിലപാടിനെ സംസ്ഥാന കോൺഗ്രസ്​ എതിർക്കുന്നു തിരുവനന്തപുരം: കേരളത്തിൽ എതിർപക്ഷത്തുള്ള സി.പി.എമ്മിന്‍റെ പാർട്ടി കോൺഗ്രസിൽ ശ്രദ്ധകേന്ദ്രീകരിച്ച്​ സംസ്ഥാന കോൺഗ്രസും. കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസ്​ കേവലം അവരുടെ മാത്രം കാര്യമായി കാണാതെ പ്രതികരിച്ചും നിലപാട്​ തേടിയും അൽപം ആശങ്കയോടെയും സമീപിക്കുകയാണ്​ സംസ്ഥാന കോൺഗ്രസ്​ നേതൃത്വം. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ നീക്കത്തിൽ കോൺഗ്രസും സി.പി.എമ്മും സഹകരിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇരുകൂട്ടരും കടുത്ത ശത്രുതയിലാണ്​. പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച്​ സംഘടിപ്പിച്ച സെമിനാറിൽ കോൺഗ്രസ്​ നേതാക്കളെ പ​ങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കം അവസാന നിമിഷവും തുടരുകയാണ്​. കോൺഗ്രസ്​ നേതൃത്വവുമായി നല്ല രസത്തിലല്ലാത്ത ശശി തരൂരിനെയും കെ.വി. തോമസിനെയുമാണ്​ സി.പി.എം നേതൃത്വം ക്ഷണിച്ചിരുന്നത്​. സിൽവർ ലൈൻ വിഷയത്തിൽ സർക്കാറിനെതിരെ ശക്തമായ സമരം നടക്കുന്നതിനിടെ സി.പി.എം വേദിയിയിലെത്തുന്നത്​ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്ന്​ ചൂണ്ടിക്കാട്ടി നേതാക്കൾക്ക്​ കോൺഗ്രസ്​ വിലക്കേർപ്പെടുത്തി. ഇതംഗീകരിക്കാതെ നേതാക്കൾ എ.ഐ.സി.സിയെ സമീപിച്ചിട്ടും അനുകൂല തീരുമാനം ഉണ്ടായില്ല. എ.ഐ.സി.സി തീരുമാനം തരൂർ അംഗീകരിച്ചെങ്കിലും കെ.വി. തോമസ്​ അതേ നിലപാടുകാരനല്ല. വിലക്ക്​ മാനിക്കാതെ അദ്ദേഹം പോകുമോയെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്​. അതിനാലാണ്​ ആയിരക്കണക്കിന്​ കോൺഗ്രസ്​ പ്രവർത്തകരുടെ രക്തം വീണ കണ്ണൂരിൽ സി.പി.എമ്മിന്‍റെ വേദി പങ്കിടാൻ ഒരു കോൺഗ്രസുകാരനും തയാറാകില്ലെന്ന്​ കെ.പി.സി.സി ​പ്രസിഡൻറ്​ കെ. സുധാകരൻ വ്യക്തമാക്കിയത്​. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ മതേതരപാർട്ടികളുടെ ഐക്യം സംബന്ധിച്ച സി.പി.എം കേരള നേതാക്കളുടെ നിലപാടിനെതിരെയും ശക്തമായ പ്രതികരണമാണ്​ സംസ്ഥാന കോൺഗ്രസിൽനിന്ന്​ ഉണ്ടായത്​. കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള ദേശീയ ബദലെന്ന സി.പി.എം നേതാക്കളുടെ നിലപാടിനെ പരിഹസിച്ച്​ തള്ളിയ കെ.പി.സി.സി പ്രസിഡന്‍റ്​ സുധാകരൻ, ദേശീയതലത്തിൽ രാഷ്ട്രീയശക്തി പോലുമല്ലാത്ത സി.പി.എമ്മിന്‍റെ നേതാക്കൾ മതേതര മുന്നണിക്ക്​ ഉപാധിവെക്കുന്നത്​ പ്രതിപക്ഷ ഐക്യം തകർക്കാനാണെന്ന്​ കുറ്റപ്പെടുത്തി. ബി.ജെ.പിയുമായി സി.പി.എമ്മിന്​ അന്തർധാര ഉണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിക്കുകയും ചെയ്തു​. മതേതരകക്ഷികളെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസിന്​ മാ​ത്രമേ കഴിയൂവെന്ന് ചൂണ്ടിക്കാട്ടിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കാലത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കി സി.പി.എം പ്രവര്‍ത്തിക്കണമെന്നും കേരളത്തിലെ സി.പി.എമ്മാണ് ഇതിനെതിരായ നിലപാട് പലപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.