പാർക്കിങ്ങിനെ ചൊല്ലി തർക്കം, കൊലക്കേസ് പ്രതിയെ കൊലപ്പെടുത്തി

തിരുവനന്തപുരം: പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നഗരമധ്യത്തിൽ കൊലക്കേസ് പ്രതിയെ കാറിടിച്ചുകൊലപ്പെടുത്തി. കാരാളി അനൂപ് വധക്കേസിലെ പ്രതിയായ, കാരാളി ശിവദീപം വള്ളപ്പുര വീട്ടിൽ കുങ്കൻ എന്ന സുമേഷിനെയാണ് (28) വ്യാഴാഴ്ച പുലർച്ച ബൈക്കിൽ കാറിടിച്ച് കൊലപ്പെടുത്തിയത്. സുമേഷിനൊപ്പം സഞ്ചരിച്ച സുഹൃത്ത് വയ്യാമൂല സ്വദേശി സൂരജിനെ(25) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തിൽ മൂന്നുപേരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് കുട്ടത്തികരിക്കം ക്ഷേത്രം പൂവക്കോട് വീട്ടിൽ റജി (28), പാങ്ങോട് ഷൈമ മൻസിലിൽ നിഹാസ് (27), മറനല്ലൂർ അരുമാളൂർ മുസ്​ലിം പള്ളിക്ക് സമീപം കടയറവിള പുത്തൻവീട്ടിൽ ഷമീം (24) എന്നിവരാണ് അറസ്റ്റിലായത്. ബാർ ഹോട്ടലിലെ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രി 11.45 ഓടെ ഈഞ്ചക്കലിലെ കിങ്സ് വേ ഹോട്ടലിലെ പാർക്കിങ്ങിൽ ​െവച്ച് സുമേഷി‍ൻെറ ബൈക്ക് റജിയുടെ കാറിൽ ഇടിച്ചു. ഇതിനെതുടർന്ന് സുമേഷും സൂരജുമായി റജിയും സംഘവും വാക്കുതർക്കവും കൈയാങ്കളിയും നടന്നു. ഹോട്ടലിലെ സുരക്ഷാ ജീവനക്കാർ ഇടപെട്ടാണ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്. എന്നാൽ പിന്തിരിയാൻ റജിയും സംഘവും തയാറായില്ല. കാറിനകത്ത് സുമേഷിനെയും സൂരജിനെയും കാത്തിരുന്ന മൂവരും 12.30ഓടെ ഹോട്ടലിൽ നിന്ന് ബൈക്കിൽ പുറത്തിറങ്ങിയ സുമേഷിനെയും സൂരജിനെയും പിറകിലെത്തി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സുമേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. സുമേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സൂരജിനെ ആദ്യം അനന്തപുരി ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സംഭവത്തിന് ശേഷം കാറുമായി പരിസരത്ത് ഒളിച്ച മൂവരെയും സി.സി.ടി.വി കാമറകളുടെ സഹായത്തോടെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2014ല്‍ കാരാളി അനൂപ് എന്ന ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുമേഷ്. നിരവധി കേസുകളിലെ പ്രതിയായ ഇയാളെ ഗുണ്ടാലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്​. അനൂപ്​ വധക്കേസുമായി ബന്ധപ്പെട്ട വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചോ എന്നത് വഞ്ചിയൂര്‍ ​െപാലീസ് അന്വേഷിച്ചുവരുകയാണ്. രാഖിയാണ് സുമേഷി‍ൻെറ ഭാര്യ. മകൻ: ആര്യൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.