തിരുവനന്തപുരം: സിൽവർ ലൈൻ സമരത്തിൽ സ്ത്രീകളെയടക്കം മർദിച്ച നടപടിയിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തേക്ക് മഹിള കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. സംസ്ഥാന അധ്യക്ഷതയും രാജ്യസഭ യു.ഡി.എഫ് സ്ഥാനാർഥിയുമായ ജെബി മേത്തറുടെ നേതൃത്വത്തിൽ ഉച്ചക്ക് 12ഓടെയാണ് പ്രവർത്തകർ പ്രകടനമായെത്തിയത്. കെ.പി.സി.സി ഓഫിസിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് ആസ്ഥാന മന്ദിരത്തിന് സമീപത്തെ റോഡിൽ തടഞ്ഞു. ബാരിക്കേഡുകൾ നിരത്തിയാണ് പൊലീസ് സമരക്കാരെ നേരിട്ടത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകരിൽ ഒരുവിഭാഗം ജെബി മേത്തറുടെ നേതൃത്വത്തിൽ ബാരിക്കേഡിന് മുകളിൽ കയറി നിലയുറപ്പിച്ചു. ഇതിനിടെ മറുഭാഗത്തെ മാറ്റൊരു വിഭാഗം തള്ളിക്കയറാൻ ശ്രമിച്ചതാണ് ഉന്തിലും തള്ളിലും കലാശിച്ചത്. ഏറെനേരം പൊലീസുമായി വാഗ്വാദവുമുണ്ടായി. ഇതിനിടെ പ്രവർത്തകരിലൊരാൾ ബാരിക്കേഡ് ചാടിക്കടന്നു. ഇവരെ ബലപ്രയോഗത്തിലൂടെ പൊലീസ് വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് നീക്കി. ഏറെ നേരം മുദ്രാവാക്യം മുഴക്കി നിന്ന പ്രവർത്തകരെ നേരിടാൻ വൻ പൊലീസ് സന്നാഹമാണുണ്ടായിരുന്നത്. അധികാര അന്ധത ബാധിച്ച സർക്കാറിന് സ്ത്രീകളെയും കുട്ടികളെയും തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ കുറ്റപ്പെടുത്തി. ചങ്ങനാശ്ശേരിയിൽ സ്ത്രീയെ റോഡിൽ വലിച്ചിഴച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജെബി മേത്തർ ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളായ ആശ സനൽ, ഡോ. ആരിഫ സൈനുദ്ദീൻ, അഡ്വ. യു. വഹീദ, എൽ. അനിത, കെ.വി. ഉഷകുമാരി, സരസ്വതി അമ്മ, ബബിത ജയൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.