തിരുവനന്തപുരം മെഡിക്കൽ കോളജ്​: കാരുണ്യയിൽ അവശ്യമരുന്നുകളില്ല, നടപടിയുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കൽ കോളജ്​ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിയിൽ നിന്ന്​ രോഗികൾക്ക് അവശ്യമരുന്നുകൾ ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന്​ ശക്തമായ നടപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്. അവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി കെ.എം.എസ്.സി.എൽ അധികൃതർക്ക് നിർദേശം നൽകി. ബുധനാഴ്ച്ച രാത്രി 9.15ഓടെയാണ് മന്ത്രി മെഡിക്കൽ കോളജിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. മന്ത്രിയെ കണ്ടതും മുത്തൊമ്പതാം വാര്‍ഡിലെ രോഗിയായ പത്മാകുമാരിയുടെ ഭര്‍ത്താവ് മരുന്നുകളൊന്നും കാരുണ്യ ഫാര്‍മസിയില്‍ നിന്ന്​ കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന്​ മന്ത്രി മരുന്നിന്‍റെ കുറിപ്പ് വാങ്ങി കാരുണ്യ ഫാര്‍മസിയിലെത്തി. മന്ത്രി പുറത്ത് നിന്ന ശേഷം ഒരാളെ കാരുണ്യ ഫാര്‍മസിയിലേക്കയച്ചു. മരുന്നില്ലെന്ന് നേര​േത്ത പറഞ്ഞതല്ലേയെന്ന് പറഞ്ഞ് ജീവനക്കാരി ദേഷ്യപ്പെട്ടു. ഉടന്‍ തന്നെ മന്ത്രി കൗണ്ടറിലെത്തി ആ കുറിപ്പ് കാണിച്ചു. അപ്പോഴും മരുന്നില്ലെന്ന് പറഞ്ഞു. എന്തുകൊണ്ട് മരുന്നില്ലെന്ന് ചോദിച്ചു. മറുപടി പറയാന്‍ ജീവനക്കാര്‍ പതറി. ഉടന്‍ തന്നെ മന്ത്രി ഫാര്‍മസിക്കകത്ത് കയറി കമ്പ്യൂട്ടറില്‍ മരുന്നുകളുടെ പട്ടിക പരിശോധിച്ചു. ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ പട്ടികയെടുത്ത്, ആവശ്യകതയനുസരിച്ച് കൃത്യമായി മരുന്നുകള്‍ സ്റ്റോക്ക് ചെയ്യണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി പ്രവര്‍ത്തനം വിലയിരുത്തി. ഇതോടൊപ്പം ഡ്യൂട്ടി പട്ടിക പരിശോധിക്കുകയും ചെയ്തു. സീനിയര്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ രാത്രിയില്‍ ഡ്യൂട്ടിക്കുണ്ടെന്ന് ബോധ്യമായി. അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞ ഞായറാഴ്ച മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.