മൂല്യനിർണയത്തിലെ വീഴ്ച; രണ്ട്​ അധ്യാപകർക്കെതിരെ നടപടി

തിരുവനന്തപുരം: സാ​ങ്കേതിക സർവകലാശാലയിൽ ബി.ടെക് സിവിൽ ഏഴാം സെമസ്റ്റർ സ്ട്രക്ചറൽ എൻജിനീയറിങ് മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ എറണാകുളം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അധ്യാപികയുടെ സർവകലാശാല ഐ.ഡി ഒരു വർഷത്തേക്ക് റദ്ദ് ചെയ്യാനും രണ്ടു വർഷത്തേക്ക് പരീക്ഷ ജോലികളിൽനിന്ന് ഒഴിവാക്കാനും സിൻഡിക്കേറ്റ്​ തീരുമാനിച്ചു. തിരുവനന്തപുരം മരിയൻ എൻജിനീയറിങ് കോളജിലെ ഏതാനും വിദ്യാർഥികൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കോട്ടയം മംഗളം എൻജിനീയറിങ് കോളജ്​ എം.ബി.എ വിദ്യാർഥിയുടെ നാലാം സെമസ്റ്റർ ഫിനാൻഷ്യൽ മാർക്കറ്റ്സ് ആൻഡ് സർവിസ് പരീക്ഷയിൽ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച വരുത്തിയ തൃശൂർ നിർമല കോളജ് ഓഫ് എൻജിനീയറിങ്​ അധ്യാപികയുടെ സർവകലാശാല ഐ.ഡി രണ്ടു വർഷത്തേക്ക് റദ്ദ് ചെയ്യാനും ഈ കാലയളവിൽ എല്ലാ പരീക്ഷ ജോലികളിൽനിന്നും ഒഴിവാക്കാനും തീരുമാനിച്ചു. സംഭവത്തിൽ ചട്ടം ലംഘിച്ച് ശിപാർശ നൽകിയ മംഗളം കോളജ് പ്രിൻസിപ്പലിന്‍റെ നടപടിയിൽ അതൃപ്തിയറിയിക്കും. മൂല്യനിർണയത്തിൽ വീഴ്ചവരുത്തുന്ന അധ്യാപകർക്കെതിരെയുള്ള നടപടിക്കുള്ള മാനദണ്ഡങ്ങൾക്കും സിൻഡിക്കേറ്റ് അംഗീകാരം നൽകി. പ്രോ വൈസ് ചാൻസലർ ഡോ. എസ്. അയൂബ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ജി. വേണുഗോപാൽ, ഡോ. വിനോദ് കുമാർ, ജേക്കബ് എന്നിവരടങ്ങിയ അന്വേഷണ സമിതിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.