പ്രവാസികൾക്ക്​ ആശ്വാസം:'ഓട്ടോമാറ്റിക്'​ ലൈസൻസുകാർക്ക്​ ഇവിടെ ​വണ്ടിയോടിക്കാം

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽനിന്ന്​ ഓട്ടോമാറ്റിക്​ വാഹനങ്ങളിൽ ഡ്രൈവിങ്​ ലൈസൻസ്​ കരസ്ഥമാക്കിയവർക്ക്​ സംസ്ഥാനത്ത്​ ലൈസൻസ്​ അനുവദിക്കാൻ മോട്ടോർ വാഹനവകുപ്പ്​ തീരുമാനം. മുമ്പ്​​ മറ്റ്​ രാജ്യങ്ങളിലെ ലൈസൻസുള്ളവർക്ക്​ ലേണേഴ്​സ്​ പാസായാൽ ​ഓട്ടോമാറ്റിക്​ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ്​ അനുവദിച്ചിരുന്നു. എന്നാൽ, നടപടി ക്രമങ്ങളെല്ലാം സാരഥി സോഫ്​റ്റ്​വെയറിലേക്ക്​ മാറിയതോടെയാണ്​ ഇതിനുള്ള സൗകര്യമില്ലാതായത്​. സാരഥിയിൽ ​'ലൈറ്റ്​ മോട്ടോർ വെഹിക്കിൾ' (എൽ.എം.വി) എന്ന ​ഓപ്​ഷൻ മാത്രമേയുള്ളൂ. മോട്ടോർ വാഹന നിയമ പ്രകാരം സംസ്ഥാനത്ത്​ ലൈസൻസിനായി റോഡ്​ ടെസ്റ്റിന്​ ​ഓട്ടോമാറ്റിക്​ വാഹനങ്ങൾ അനുവദിക്കില്ല. ഫലത്തിൽ വിദേശ ലൈസൻസുള്ളവർക്കും നാട്ടിൽ വാഹനമോടിക്കണമെങ്കിൽ പുതിയ അപേക്ഷക​രെ​ പോ​ലെ ലേണേഴ്​സിനൊപ്പം ടെസ്റ്റ്​ ഗ്രൗണ്ടിൽ ഗിയറുള്ള വാഹനം ഓടിച്ച്​ പാസാകണം. നാട്ടിൽ ഓട്ടോമാറ്റിക്​ വാഹനം കൈവശമുള്ളവർക്കും സാരഥിയിലെ നിബന്ധന വലിയ കടമ്പയായിരുന്നു. പലരും ഇതുമൂലം ​ലൈസൻസിനായി ശ്രമിക്കാതെ പിന്മാറി. ഇത്തരത്തിൽ പ്രവാസികളുടെയടക്കം വലിയ പരാതി ഉയർന്നതോടെ, മോട്ടോർ വാഹനവകുപ്പ്​ ​കേന്ദ്ര ഗതാഗത മന്ത്രാലയത്തോട്​ വ്യക്തത തേടിയിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള അനുകൂല മറുപടിയുടെ പശ്ചാത്തലത്തിലാണ്​ വിദേശ ലൈസൻസുള്ളവർക്ക്​ ലേണേഴ്​സ്​ പാസാകലിന്‍റെ അടിസ്ഥാനത്തിൽ ​എൽ.എം.വി ലൈസൻസ്​ അനുവദിക്കാമെന്ന്​ മോട്ടോർ വാഹനവകുപ്പ്​ ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്​. സാരഥിക്ക്​ മുമ്പ്​​ ഇത്തരം ലൈസൻസുകളിൽ 'എൽ.എം.വി ഓട്ടോമാറ്റിക്​' എന്നായിരുന്നെങ്കിൽ ഇനി 'എൽ.എം.വി' എന്ന്​ മാത്രമേ ഉണ്ടാകൂ. ഉപയോഗിക്കുന്ന ഇന്ധനമേതെന്നോ അല്ലെങ്കിൽ ഗിയറുള്ളതോ ഇല്ലാത്തതോ എന്നതോ പരിഗണിച്ചല്ല ലൈസൻസ്​ നൽകുന്നതെന്നും വാഹനത്തിന്‍റെ സ്വഭാവം മാത്രമാണ്​ മാനദണ്ഡമാക്കുന്നതെന്നുമാണ്​ കേന്ദ്ര ഗതാഗത മ​ന്ത്രാലയത്തിന്‍റെ വിശദീകരണം. ഏത്​ ട്രാൻസ്മിഷൻ സ്വഭാവത്തിലുള്ള (ഗിയറുള്ളത്​, ഓട്ടോമാറ്റിക്​) വാഹനവും ഡ്രൈവിങ്​ ടെസ്റ്റിനായി അനുവദിക്കാമെന്ന്​ നേരത്തേ തന്നെ കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയെങ്കിലും സംസ്ഥാനം ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. നിരത്തിൽ ഓട്ടോമാറ്റിക്​ വാഹനങ്ങൾ നിറയു​മ്പോഴും ഗിയറുള്ള വാഹനത്തിൽ പഠിച്ച്​ പാസായാലേ ഇവ ഓടിക്കാനാകൂ. റോഡ് ടെസ്റ്റ് നടത്തുമ്പോള്‍ ഗിയര്‍ മാറ്റുന്നതും മറ്റും പരിശോധിച്ചാണ് നിലവിൽ ലൈസന്‍സ് നല്‍കുന്നത്. എം. ഷിബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.