വില്ലനായത്​ എ.സിയെന്ന്​ സംശയം

വർക്കല (തിരുവനന്തപുരം): തീപിടിച്ച്​ അഞ്ച് പേർ മരിച്ച സംഭവത്തിൽ വില്ലനായത്​ എ.സിയാണെന്ന്​ സംശയം. വീട്ടിലെ എല്ലാ മുറികളും എയർകണ്ടീഷൻ ചെയ്തതാണ്​. എ.സി കാരണം വീടിനുള്ളിൽ ഉയർന്ന പുക പുറത്തുപോയില്ല. ഇൻറീരിയർ ഡിസൈൻ ഘടകങ്ങളും അഗ്നിബാധയുടെ തോത് കൂട്ടിയെന്നാണ് കണ്ടെത്തൽ. അഞ്ചുപേരും മരിച്ചത് പൊള്ളലേറ്റല്ല, മറിച്ച് പുക ശ്വസിച്ചാണെന്ന് ഫയർ ആൻഡ്​ റെസ്ക്യു ഓഫിസർ നൗഷാദ് പറഞ്ഞു. തീപിടിത്തം തുടങ്ങി 45 മിനിറ്റിന്​ ശേഷമാണ് എല്ലാവരെയും പുറത്തെത്തിക്കാനായത്​. ഫോൺ വിളിച്ച ശേഷവും പുറത്തേക്ക് വരാൻ ആർക്കും കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടർന്നാണെന്നാണ് സംശയം. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല. ബൈക്കിൽനിന്ന് തീ പടർന്നല്ല അപകടം ഉണ്ടായതെന്നും വ്യക്​തമായിട്ടുണ്ട്. വീടിനുള്ളിൽ പെട്രോൾ, മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടില്ലെന്നും അധികൃതർ പറയുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ, എ.സി ഉൾപ്പെടെ എല്ലാം കത്തിനശിച്ചു. ഫോൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്ന്​ റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനിയും പറഞ്ഞു. രാത്രി ഒ​ന്നേകാലോടെ തീ കത്തുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. വീടിനകത്ത് നിറയെ പുകയായിരുന്നുവെന്ന് ആദ്യം കയറിയവർ പറഞ്ഞു. വീട്ടിൽനിന്ന് രക്ഷപ്പെടുത്തിയ നിഹുലിന്‍റെ വായിൽ നിറയെ കറുത്ത പുകയായിരുന്നു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.