സംസ്ഥാനത്ത്​ പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്​ വിഷപ്പാമ്പിന്‍റെ കടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു. ഓരോ വർഷവും 3000 ത്തോളം പേർ പാമ്പുകടിയേറ്റ്​ ചികിത്സ​തേടുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2012 മുതൽ 2021 വരെയുള്ള വന്യമൃഗ ആക്രമണങ്ങളിൽ മരിച്ചവരെ സംബന്ധിച്ച സർക്കാർ കണക്കിലാണ്​ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്​. 1088 പേർക്കാണ്​​ ഈ പത്ത്​ വർഷത്തിനിടയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ ജീവഹാനി സംഭവിച്ചത്​. അതിൽ 750 പേരും (69 ശതമാനം) മരിച്ചത്​ വിഷപ്പാമ്പുകളുടെ കടിയേറ്റാണ്​. 2017 മുതൽ 2019 വരെ മാത്രം അത്​ 334 ആണ്​. വാർഷിക ശരാശരി 110. 2020 ൽ 76 പേരും 2021ൽ 40 പേരും പാമ്പുകടിയേറ്റ്​ മരിച്ചു. ഇത്​ അതിഗൗരവതരമെന്നാണ്​ സർക്കാർ വിലയിരുത്തപ്പെടുന്നത്​. അതിന്‍റെ അടിസ്ഥാനത്തിൽ പാമ്പ്​ വിഷത്തിനെതിരെയുള്ള ആന്‍റിവെനം തൊട്ടടുത്ത എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കണമെന്ന്​ വനംവകുപ്പ്​ നിർദേശിച്ചിട്ടുണ്ട്​. അകലെയുള്ള ആശുപത്രികളിലേക്ക്​ പാമ്പുകടിയേറ്റ്​ എത്തുമ്പോൾ സമയനഷ്​ടം കാരണം​ ജീവഹാനിക്ക്​ സാധ്യത കൂടുതലാണെന്നും ഡോക്ടർമാരും വെളി​പ്പെടുത്തുന്നു. പാമ്പുകൾ അതി പാരിസ്ഥിതിക പ്രാധാന്യമുള്ള ജീവിയാണ്​. ജനവാസമേഖലയിൽ എത്തിപ്പെടുന്ന പാമ്പുകൾ മൂലമാണ്​ അപകടങ്ങൾ ഉണ്ടാകുന്നത്​. എല്ലാ പാമ്പുകളും 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്ന്​, രണ്ട്​, നാല്​ എന്നിവയിൽ ഉൾപ്പെടുന്ന സംരക്ഷിത വന്യമൃഗങ്ങളാണ്​. അതിനാൽ ഇവയുടെ ​എണ്ണം നിയന്ത്രിക്കുന്നത്​ പ്രകൃതിപരമായി മാത്ര​േമ സാധിക്കൂവെന്നാണ്​ വനംവകുപ്പിന്‍റെ വാദം. പാമ്പുകളെ ഭക്ഷിക്കുന്ന ജന്തു-പക്ഷിയിനങ്ങൾ കൂടുതലായി വളരാനുള്ള സാഹചര്യമൊരുക്കിയാൽ വംശവർധന​ നിയന്ത്രിക്കാൻ ഒരുപരിധിവരെ കഴിയും. നശിച്ചുകൊണ്ടിരിക്കുന്ന കാവുകളുടെ പുനരുജ്ജീവനത്തിലൂടെ മനുഷ്യന്​ ശല്യമുണ്ടാക്കാത്ത വിധം പാമ്പുകൾക്ക്​ സുരക്ഷിത വാസസ്ഥലം ഒരുക്കാനാകുമെന്നും വനംവകുപ്പ്​ പറയുന്നു. ശാസ്ത്രീയമായി പിടികൂടി അനുയോജ്യമായ ആവാസവ്യവസ്ഥയിൽ വിട്ടയക്കുന്നതിന്​ വിശദമായ മാർഗരേഖതന്നെയുണ്ട്​. വനംവകുപ്പ്​ ജീവനക്കാരും സന്നദ്ധപ്രവർത്തകരുമടക്കം 1657 പേർക്ക്​ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ ശാസ്ത്രീയ പരിശീലനം നൽകിയിട്ടുണ്ട്​. അതിൽ 928 പേർക്ക്​ അംഗീകൃത സർട്ടിഫിക്കേഷനുമുണ്ട്​. വനംവകുപ്പിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാ സംരക്ഷണവിഭാഗം ഉദ്യോഗസ്ഥർക്കും പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ ശാസ്ത്രീയ പരിശീലനം നിർബന്ധമാണ്​. വനത്തിന്​ പുറത്തുെവച്ച്​ പാമ്പുകടിയേറ്റ്​ ജീവഹാനി സംഭവിക്കുന്നവർക്ക്​ രണ്ട്​ ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.