എൽ.ഡി.എഫ് പിന്തുണയോടെ ജയിച്ച കോൺഗ്രസ് അംഗം വൈസ് പ്രസിഡൻറ് പദവി രാജിവെച്ചു

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട റീന ഫസൽ രാജി പ്രഖ്യാപിച്ചു. ഭൂരിപക്ഷം നേടിയ കോൺഗ്രസിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിൽ തർക്കം പരിഹരിക്കാതെ വന്നതോടെ വിമതപക്ഷത്തുനിന്നും മത്സരിച്ച് എൽ.ഡി.എഫ് പിന്തുണയോടെ വിജയിച്ച വൈസ് പ്രസിഡൻറ് ആണ് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. രാജിക്കത്ത് പോസ്റ്റൽ വഴി അയച്ചതായും റീന ഫസൽ പറഞ്ഞു. പാർട്ടി നേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്നാണ് റീന രാജി പ്രഖ്യാപിച്ചത്. പ്രസിഡൻറ് ആസിഫ് കടയിൽ തുടരുന്നുണ്ട്.

യു.ഡി.എഫ് 12, എൽ.ഡി.എഫ് 6, ബി.ജെ.പി 6 എന്നതാണ് പഞ്ചായത്തിലെ കക്ഷിനില. ഭാരവാഹികളെ സംബന്ധിച്ച് ഇരു ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് ഒരു വിഭാഗം പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിലേക്ക് മത്സരിച്ചത്. ഇതിനെ അവസരമായി കണ്ട് എൽ.ഡി.എഫ് ഇവരെ പിന്തുണച്ചു. അതോടെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിൽ കോൺഗ്രസ് വിമതർ എത്തി.

കോൺഗ്രസ് അംഗങ്ങളായ ആസിഫ് കടയിൽ, റീന ഫസൽ, നിസാം കുടവൂർ, എ. നഹാസ് എന്നിവരാണ് കൂറുമാറിയത്. ഈ വിഭാഗം നിസാം കുടവൂരിന് ആദ്യ രണ്ടര വർഷം പ്രസിഡൻറ് സ്ഥാനം നൽകണമെന്ന നിലപാടിലാണ്. പാർട്ടി നേതൃത്വം ഇതിന് അനുകൂലമായി തീരുമാനമെടുത്താൽ രാജിവെക്കും എന്ന് ഇവർ തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ അറിയിച്ചിരുന്നു. ഇതുവരെയും ഒത്തുതീർപ്പ് ഉണ്ടായിട്ടില്ല. വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് ഔദ്യോഗിക നേതൃത്വം.

Tags:    
News Summary - Navayikkulam panchayat Vice President Congress member resigns won with LDF support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.